Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

പ്ലൂട്ടോ ചുവക്കുന്നു

വാഷിങ്ടണ്‍: സൗരയൂഥത്തിന്റെ അങ്ങേയറ്റത്തുള്ള 'കുള്ളന്‍ ഗ്രഹ'മായ പ്ലൂട്ടോ ചുവന്നു ചുവന്നു വരികയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പ്ലൂട്ടോയുടെ ചുവപ്പുനിറം മുമ്പു കണ്ടതിലും 20 ശതമാനം വര്‍ധിച്ചെന്നാണ് ഹബ്ള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍നിന്നുള്ള ചിത്രങ്ങള്‍ തെളിയിക്കുന്നത്. സൂര്യനെ ചുറ്റാന്‍ 248 വര്‍ഷമെടുക്കുന്ന പ്ലൂട്ടോ ഭ്രമണപഥത്തില്‍ പുതിയ മേഖലയിലെത്തിയപ്പോള്‍ അതിന്റെ മഞ്ഞുമൂടിയ ഉപരിതലഘടനയില്‍ വന്ന മാറ്റങ്ങള്‍ കാരണമാണീ നിറഭേദമെന്നാണ് നാസയിലെ ഗവേഷകര്‍ പറയുന്നത്. ഉപരിതലത്തില്‍ ഉറഞ്ഞുകിടക്കുന്ന നൈട്രജന്‍ വടക്കുഭാഗത്ത് കൂടുതല്‍ തിളങ്ങുന്നതായും തെക്കുഭാഗത്ത് ഇരുണ്ടുവരുന്നതായും ചിത്രങ്ങള്‍ തെളിയിക്കുന്നു. സൂര്യപ്രകാശമേല്‍ക്കുന്ന ധ്രുവത്തില്‍ മഞ്ഞുരുകുകയും പ്രകാശമേല്‍ക്കാത്ത ധ്രുവത്തില്‍ അത് വീണ്ടുമുറയുകയും ചെയ്യുന്നതുകൊണ്ടാണിതെന്ന് നാസയുടെ സ്‌പെയ്‌സ് ടെലിസേ്കാപ് സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. ഇത്ര കുറഞ്ഞ സമയംകൊണ്ട് ഒരാകാശഗോളത്തില്‍ ഇത്ര വലിയ മാറ്റം പ്രകടമാകുന്നത് അതിശയമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 1994ലും 2002ലും 2003ലും എടുത്ത ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്ലൂട്ടോയുടെ നിറംമാറ്റം വ്യക്തമായത്. സൗരയൂഥത്തിലെ നവഗ്രഹങ്ങളിലൊന്നായി കരുതിപ്പോന്നിരുന്ന പ്ലൂട്ടോയ്ക്ക് 2006ലാണ് ഗ്രഹപദവി നഷ്ടമായത്. സൗരയൂഥത്തിലെ പല ഉപഗ്രഹങ്ങളെക്കാളും ചെറുതാണെന്നതും ഭ്രമണപഥത്തിന് സ്ഥിരതയില്ലെന്നതുമാണ് ഈ തരംതാഴ്ത്തലിനു കാരണം. പ്ലൂട്ടോയ്ഡ് എന്നു വിളിക്കുന്ന കുള്ളന്‍ ഗ്രഹങ്ങളുടെ കൂട്ടത്തിലാണിപ്പോള്‍ പ്ലൂട്ടോയുടെ സ്ഥാനം.