Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ഒടുവില്‍ ആനയും കയറി... പോലീസ് സ്റ്റേഷനില്‍

മലപ്പുറം: പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ആനയെക്കണ്ട് നാട്ടുകാര്‍ ആദ്യമൊന്ന് പരിഭ്രമിച്ചു... പിന്നെ കൗതുകമായി... ആനയ്‌ക്കെന്താ പോലീസ് സ്റ്റേഷനില്‍ കാര്യം...? പോലീസ് സ്റ്റേഷന്‍ പരിസരത്ത് ആളുകള്‍ തടിച്ചുകൂടി. പിന്നെയാണ് കാര്യം പിടികിട്ടിയത്. ആനയെച്ചൊല്ലി പരാതിയുണ്ടെന്നകാര്യം. ആനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം പോലീസില്‍ ലഭിച്ച പരാതിയിലെ ആനയാണിതെന്ന കാര്യം. കൂപ്പില്‍ പണിക്ക് കൊണ്ടുപോയ 'മോഹനന്‍' എന്ന ആനയെ കാണാനില്ലെന്നായിരുന്നു പള്ളിക്കല്‍ സ്വദേശി മുഹമ്മദ്‌റാഫിയുടെ പരാതി. ഇതേത്തുടര്‍ന്ന് തേഞ്ഞിപ്പലം പോലീസ് അന്വേഷണം നടത്തുകയും തുടര്‍ന്ന് പഴമല്ലൂരില്‍ ആനയെ കണ്ടെത്തുകയും ചെയ്തു. കൂടെ പാപ്പാനും ഉണ്ടായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് ആനയെ മലപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ചത്. ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് നിലനില്‍ക്കുന്നതെന്ന് പോലീസ് പറഞ്ഞു. 13 വയസ്സുള്ള ആനയെ നാഗര്‍കോവിലില്‍ നിന്ന് ആഗസ്തിലാണ് വാങ്ങിയതെന്ന് ഉടമസ്ഥാവകാശം ഉന്നയിച്ചുകൊണ്ട് പള്ളിക്കല്‍ബസാര്‍ സ്വദേശി അഷ്‌റഫും പറയുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഫോറം 60, മൈക്രോചിപ്പ് തുടങ്ങിയ രേഖകള്‍ ഹാജരാക്കാന്‍ ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുവരെ താത്കാലികമായി അഷ്‌റഫിനോടൊപ്പം ആനയെ വിട്ടുകൊടുത്തതായും തേഞ്ഞിപ്പലം എസ്.ഐ. ഹിദായത്തുള്ള മാമ്പ്ര പറഞ്ഞു. കൗതുകത്തോടെ ചുറ്റും കൂടിയവര്‍ മൊബൈല്‍ കാമറയില്‍ ഫോട്ടോ പകര്‍ത്തുമ്പോഴും ആന എല്ലാവരോടും സൗഹൃദ ഭാവത്തിലായിരുന്നു. പക്ഷേ വിശപ്പ് സഹിക്കാന്‍ കഴിഞ്ഞില്ല. പോലീസ് സ്റ്റേഷന്‍ പരിസരത്തെ ചെടികള്‍ ചിലത് മെല്ലെ അകത്താക്കി. പിന്നെ എട്ട് മണിയോടെ സ്റ്റേഷനില്‍ നിന്ന് മടങ്ങുകയും ചെയ്തു.(mathrubumi 08/10/11)