Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

നാസയുടെ ഉപഗ്രഹം ദിശതെറ്റി ഭൂമിയിലേക്ക്; ഭീതി വര്‍ധിക്കുന്നു

വാഷിങ്ടണ്‍: രണ്ടു പതിറ്റാണ്ട് മുമ്പ് അന്തരീക്ഷ പഠനത്തിന് വിക്ഷേപിച്ച നാസയുടെ ഒരു കൃത്രിമോപഗ്രഹം നിയന്ത്രണം വിട്ട് ഭൂമിയില്‍ പതിക്കാനൊരുങ്ങുന്നു. ആറ് ടണ്‍ ഭാരമുള്ള അപ്പര്‍ അറ്റ്‌ഫോസ്ഫിയര്‍ റിസേര്‍ച്ച് (യു.എ.ആര്‍.എസ്) ഉപഗ്രഹമാണ് ഭീഷണിയാകുന്നത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഉപഗ്രഹം താഴെ വീഴുമെന്നാണ് നാസ അറിയിക്കുന്നത്. ഉപഗ്രഹം അതേ രൂപത്തില്‍ ഭൂമിയില്‍ പതിക്കില്ലെങ്കിലും, അത് അന്തരീക്ഷത്തില്‍ കടന്ന് ചിന്നിച്ചതറിയുണ്ടാകുന്ന അവശിഷ്ടങ്ങള്‍ ആറ് ഭൂഖണ്ഡങ്ങളിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ പതിച്ച് അപകടം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കെയമേരിക്ക, ഏഷ്യ എന്നിങ്ങനെയുള്ള പ്രദേശങ്ങളില്‍ അവശിഷ്ടങ്ങള്‍ പതിക്കാമെന്നല്ലാതെ, എവിടെയൊക്കെയാണ് അവ അപകടമുണ്ടാക്കുകയെന്ന് നാസക്ക് പ്രവചിക്കാനാവുന്നില്ല. 750 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 3375 കോടി രൂപ) ചിലവിട്ട് നിര്‍മ്മിച്ച ഉപഗ്രഹമാണ് തകര്‍ന്ന് വീഴാന്‍ പോകുന്നത്. 1991 ലാണ് ഉപഗ്രഹം നാസ വിക്ഷേപിച്ചത്. 35 അടി നീളവും 15 അടി വീതിയുമുള്ള ഇതിലെ പത്ത് ഉപകരണങ്ങളില്‍ ആറെണ്ണവും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. 2005 ല്‍ ഉപഗ്രഹത്തിലെ ഇന്ധനം തീര്‍ന്നിരുന്നു. ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍, അന്തരീക്ഷത്തിന്റെ ഉപരിഭാഗത്ത് വെച്ച് ഉപഗ്രഹത്തിന്റെ നല്ലൊരു ഭാഗം വായുവുമായുള്ള ഹര്‍ഷണം മൂലം ചൂടുപിടിച്ച് കത്തിയമരും. എങ്കിലും അര ടണ്ണോളം ലോഹഭാഗങ്ങള്‍ അവശേഷിക്കും. ആ ഭാഗങ്ങളാണ് ഭൂപ്രതലത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി വീഴുകയെന്ന് നാസ അധികൃതരെ ഉദ്ധരിച്ച് 'ദി ടെലഗ്രാഫ്' പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഭയപ്പെടേണ്ട കാര്യമില്ലെന്ന് നാസ അറിയിക്കുന്നു. ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിച്ചേക്കാമെങ്കിലും ജനങ്ങള്‍ക്കൊ ഭൂമിയിലെ വസ്തുവകകള്‍ക്കോ നാശനഷ്ടങ്ങളുണ്ടാകാനുള്ള സാധ്യത വളരെ പരിമിതമാണെന്ന് നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ വിലയിരുത്തി. സംശയകരമായി എന്തെങ്കിലും വസ്തുക്കള്‍ വീണുകിടക്കുന്നത് കണ്ടാല്‍ അതില്‍ സ്പര്‍ശിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. (15/09/2011 മാത്രുഭൂമി)