Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ഹെയ്തിയില്‍ 15 ദിവസത്തിന് ശേഷം ഡാര്‍ലിന് പുനര്‍ജന്മം

പോര്‍ട്ട് ഓ പ്രിന്‍സ്: ഭൂകമ്പം തകര്‍ത്തെറിഞ്ഞ ഹെയ്തിയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍നിന്ന് ഒരു പെണ്‍കുട്ടിയെക്കൂടി രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെടുത്തു. ഡാര്‍ലിന്‍ എറ്റിയനെന്ന പതിനാറുകാരിയെ ഭൂകമ്പം നടന്ന് 15 ദിവസത്തിന് ശേഷമാണ് ഫ്രഞ്ച് സംഘം രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങളും അന്വേഷണവും അവസാനിപ്പിച്ചതായി ഹെയ്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനു ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. നിര്‍ജലീകരണം കാരണം തികച്ചും ക്ഷീണിതയാണ് കുട്ടിയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. 'നന്ദി' എന്ന് മാത്രമാണ് അവള്‍ക്ക് പറയാന്‍ കഴിഞ്ഞത്. കാലിന് പരിക്കേറ്റ ഡാര്‍ലിനെ ഓക്‌സിജന്‍ നല്‍കിയശേഷം ഫ്രഞ്ച് ഗവണ്‍മെന്റിന്റെ താത്കാലിക ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ കുഴിച്ച് മൂടപ്പെട്ട 135 ആളുകളെയാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകരുടെ സംഘം പുറത്തെടുത്തത്. ദുരന്തഭൂമിയില്‍ 12 ദിവസം കുടുങ്ങികിടന്നയാളെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു. വെള്ളം കുടിക്കാതെ ഡാര്‍ലിന്‍ 15 ദിവസം ജീവനോടെയിരുന്നത് അത്ഭുതമാണെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫ്രഞ്ച് സംഘം പറഞ്ഞു. ഭൂകമ്പസ്ഥലത്ത് നിന്ന് 170,000ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഹെയ്തി പ്രസിഡന്റ് റെനെ പ്രവല്‍ അറിയിച്ചു. അടുത്ത മാസം നടത്താനിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.