Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

107കാരിയെ മക്കള്‍ തൊഴുത്തിലാക്കി

വരന്തരപ്പിള്ളി (തൃശ്ശൂര്‍): മക്കളും മരുമക്കളും ഉള്‍പ്പെടെ നിരവധി ബന്ധുക്കള്‍ ഉണ്ടായിട്ടും 107 വയസ്സുകാരി രണ്ടു വര്‍ഷത്തോളമായി കാലികളോടൊപ്പം കഴിയുന്നു. വീടിനു പിറകിലെ തൊഴുത്തില്‍ ഇവരെ മക്കള്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.മനുഷ്യാവകാശ സംരക്ഷണസമിതിക്കു ലഭിച്ച സന്ദേശത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ ഉടുതുണിപോലുമില്ലാതെ അവശനിലയില്‍ കണ്ടെത്തിയത്. വരന്തരപ്പിള്ളി വടക്കുംമുറി അക്കരക്കാരന്‍ പരേതനായ കേണന്റെ ഭാര്യ വള്ളിക്കുട്ടിയാണ് ജീവിതസായാഹ്നത്തില്‍ ദുരിതമനുഭവിക്കുന്നത്.തൊഴുത്തില്‍ ചാണകക്കുഴിക്കു സമീപം ഒരു കട്ടിലില്‍ പായവിരിച്ച് അതിലായിരുന്നു വള്ളിക്കുട്ടിയുടെ കിടപ്പ്. ഇവര്‍ കിടക്കുന്നതിന് സമീപവും പശുക്കുട്ടിയെ കെട്ടിയിരുന്നു. ഒരു വിളക്കുപോലും ഇവിടെ ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് ഓര്‍മ്മക്കുറവും കേള്‍വിക്കുറവും ഉണ്ട്. ആളുകള്‍ അന്വേഷിച്ചു ചെന്നപ്പോള്‍ മകന്റെ ഭാര്യ ക്ഷുഭിതയായി. ഇനി ഇവിടെ താമസിപ്പിക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് വള്ളിക്കുട്ടിയെ വലിച്ചിഴച്ച് റോഡില്‍ തള്ളാന്‍ മകന്റെ ഭാര്യ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ തടഞ്ഞു. തൊട്ടടുത്ത വീട്ടിലാണ് വള്ളിക്കുട്ടിയുടെ മകനും കുടുംബവും കഴിയുന്നത്. ഇവരെ കൂടാതെ നാലു മക്കള്‍ കൂടിയുണ്ട് വള്ളിക്കുട്ടിക്ക്. എന്നാല്‍ ഇവരാരും അമ്മയെ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സാമൂഹിക ക്ഷേമവകുപ്പ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി രവി പനയ്ക്കല്‍, ജോയന്റ് സെക്രട്ടറി ഡേവീസ് കടവി എന്നിവര്‍ അറിയിച്ചു.(മാത്രുഭൂമി 12/06/2011)