Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ചന്ദ്രന്റെ അകക്കാമ്പും ജലസമൃദ്ധം

ലണ്ടന്‍: ഇതുവരെ കരുതിയിരുന്നതിലും എത്രയോ അധികം ജലസാന്നിധ്യം ചന്ദ്രന്റെ അകക്കാമ്പിലുണ്ടെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തി. അപ്പോളോ യാത്രികര്‍ 1972ല്‍ കൊണ്ടുവന്ന ചാന്ദ്രശിലകള്‍ സൂക്ഷ്മവിശകലനത്തിനു വിധേയരാക്കിയ ഗവേഷകരാണ് ചന്ദ്രന്‍ ജലസമൃദ്ധമാണെന്ന നിഗമനം ഒന്നുകൂടിയുറപ്പിച്ചത്. ചന്ദ്രന്റെ ചില ഭാഗങ്ങളില്‍ ഭൂമിയിലുള്ള അതേ അനുപാതത്തില്‍ ജലാംശമുണ്ടെന്ന് 'സയന്‍സ്' മാസിക പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തില്‍ പറയുന്നു. ചന്ദ്രന്റെ ഉത്പത്തിയെപ്പറ്റി നിലവിലുള്ള സിദ്ധാന്തങ്ങള്‍ തിരുത്താന്‍ ഈ കണ്ടെത്തല്‍ വഴിയൊരുക്കിയേക്കും.വരണ്ടുണങ്ങിക്കിടക്കുന്ന ഗോളമാണു ചന്ദ്രന്‍ എന്നാണ് ഏറെക്കാലം കരുതിയിരുന്നത്. ഇന്ത്യയുടെ ചന്ദ്രയാന്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ചന്ദ്രോപരിതലത്തില്‍ ജലാംശമുണ്ടെന്ന് അസന്ദിഗ്ധമായി തെളിയിച്ചത്. അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ശിലകള്‍ പരിശോധിച്ച ഗവേഷകര്‍ പിന്നീടിക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഇതുവരെ കരുതിയിരുന്നതിന്റെ നൂറിരട്ടി ജലാംശം ചന്ദ്രന്റെ ഉള്‍ക്കാമ്പിലുണ്ടെന്നാണ് പുതിയ ഗവേഷണപ്രബന്ധത്തില്‍ പറയുന്നത്. അപ്പോളോ 17 ദൗത്യത്തില്‍ 1972ലാണ് മനുഷ്യന്‍ അവസാനമായി ചന്ദ്രനിലിറങ്ങിയത്. അവിടെയവര്‍ കണ്ട ഓറഞ്ചുമണലില്‍ 370 കോടി വര്‍ഷം മുമ്പുണ്ടായ അഗ്‌നിപര്‍വതസ്‌ഫോടനത്തില്‍ പുറന്തള്ളപ്പെട്ട ചില്ലുസമാനമായ ശിലകളുടെ തരികളുണ്ടായിരുന്നു. ഈ ശിലാപാളികള്‍ അതിലെ യാത്രികര്‍ അന്ന് ഭൂമിയിയിലേക്കു കൊണ്ടുവന്നിരുന്നു. കെയ്‌സ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റി, കാര്‍ണഗീ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സയന്‍സ്, ബ്രൗണ്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് അത്യാധുനിക ഉപകരണങ്ങളുപയോഗിച്ച് ഈ ശിലകളുടെ ഘടന വിശകലനം ചെയ്തത്. ചന്ദ്രന്റെ അകക്കാമ്പിലേക്കുള്ള സുവ്യക്തജാലകമാണ് ഈ ശിലകളെന്ന് ഗവേഷകരിലൊരാളായ ജെയിംസ് വാന്‍ ഓര്‍മന്‍ പറയുന്നു. ജലസമൃദ്ധമായ ഭൂമിയുടെ അകക്കാമ്പിലെ ശിലകള്‍ക്കു സമാനമാണിവ. അഗ്‌നിപര്‍വതസ്‌ഫോടനമുണ്ടാകുമ്പോള്‍ ശിലകളിലെ വെള്ളം ബാഷ്പീകരിച്ചുപോകും. എന്നാലിവിടെ ചില്ലുപരല്‍ പോലുള്ള ശിലകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ് ജലാംശം. ഇതേ ഗവേഷകരാണ് 2008-ല്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തിലൂടെ ചാന്ദ്രശിലകളില്‍ ജലാംശമുണ്ടെന്നു സ്ഥിരീകരിച്ചത്. ഭൂമിയില്‍നിന്നാണ് ചന്ദ്രന്റെ ഉദ്ഭവമെന്ന സിദ്ധാന്തത്തെ ഈ കണ്ടെത്തല്‍ ശരിവെക്കുന്നുണ്ടെങ്കിലും ഏതോ ആഘാതത്താല്‍ ഭൂമിയുടെ ഒരു കഷ്ണം തെറിച്ചുപോയാണ് ചന്ദ്രനുണ്ടായതെന്ന നിഗമനത്തിനു നിരക്കാത്ത ചിലത് അതിലുണ്ട്. ആഘാതത്തില്‍ തെറിച്ചുപോയി ഉരുകിത്തിളച്ച കഷ്ണം ചന്ദ്രനായി രൂപപ്പെടുംമുമ്പ് അതിലെ ജലാംശം മുഴുവന്‍ ബാഷ്പീകരിച്ചിട്ടുണ്ടാവുമെന്നായിരുന്നു നിഗമനം. ചന്ദ്രന്റെ ധ്രുവങ്ങളില്‍ കണ്ടെത്തിയ മഞ്ഞ് ഉല്‍ക്കാപതനത്തിലുണ്ടായതാവാമെന്നായിരുന്നു വിശദീരണം. എന്നാല്‍ അകക്കാമ്പും ജലസമൃദ്ധമാണെന്നു വരുന്നതോടെ ഈ വിശദീകരണത്തില്‍ സംശയങ്ങളുയരും. ചാന്ദ്രശിലകളുടെ ഘടന ഭൂമിയിലേതിനു സമാനമാണെന്നു വരുന്നത് ഭാവിയില്‍ ചന്ദ്രനെ ഇടത്താവളമാക്കാമെന്നു കണക്കുകൂട്ടുന്ന ശാസ്ത്രജ്ഞര്‍ക്ക് ആവേശം പകരും.(Posted on: 28 May 2011 മത്രുഭൂമി)