Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ഭോപ്പാല്‍: മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ഭോപ്പാല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്തു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപ രൂപവീതവും പരിക്കേറ്റവര്‍ക്ക് മൂന്നുലക്ഷം രൂപവീതവും നഷ്ടപരിഹാരം നല്‍കണമെന്നും ഉപസമിതിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തിട്ടുണ്ട്. ഇതിന്റെ മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് അല്‍പസമയത്തിനുള്ളില്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. അപകടത്തിന് ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡിന്റെ സി.ഇ.ഒ വാറന്‍ ആന്‍ഡേഴ്‌സനെ വിട്ടുതരാന്‍ അമേരിക്കയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനും ഉപസമിതി നിര്‍ദേശമുണ്ട്. ആന്‍ഡേഴ്‌സണെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ മാറ്റം വരുത്താന്‍ സുപ്രിംകോടതിയെ സമീപിക്കും. ഭോപ്പാല്‍ സ്മാരക ആസ്​പത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഉപസമിതി നിര്‍ദേശിച്ചു. ഭാവിയില്‍ ഇത്തരം അപകടങ്ങളുണ്ടായാല്‍ അവ നേരിടാനായി നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമായതിനാല്‍ പുതിയ നിയമം നിര്‍മ്മിക്കാനും കേന്ദ്രമന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്തു. 1984 ഡിസംബര്‍ രണ്ടിന് രാത്രി അപകടം നടന്ന ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി പരിസരം മാലിന്യമുക്തമാക്കുന്ന ചുമതല സംസ്ഥാന സര്‍ക്കാറിനു നല്‍കാന്‍ മന്ത്രിസഭാസമിതി തീരുമാനിച്ചു. ഇതിനുവേണ്ട സാമ്പത്തികസങ്കേതിക പിന്തുണ കേന്ദ്രം നല്‍കും. മലിനമായ മണ്ണ്, മലിനമായ ജലം, വിഷമാലിന്യങ്ങള്‍, അപകടസ്ഥലത്തെ തുരുമ്പുപിടിച്ച പ്ലാന്റ്, ഉരുക്ക് ഉപകണങ്ങള്‍, മറ്റ് ഉപകണങ്ങള്‍ എന്നിവയാണ് സംസ്‌കരിക്കേണ്ടത്. ഫാക്ടറിയുടെ പല മാലിന്യങ്ങളും അവിടെത്തന്നെയാവും സംസ്‌കരിക്കുക. എന്നാല്‍ 350 ടണ്‍ വിഷമാലിന്യം ഇന്‍ഡോറിനടുത്ത് സംസ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആകെ 11 ലക്ഷം ടണ്‍ വിഷമാലിന്യമാണ് അപകടസ്ഥലത്തുനിന്നും പരിസരങ്ങളില്‍നിന്നും ഒഴിവാക്കേണ്ടത്. അപകടം സൃഷ്ടിച്ച പ്ലാന്റ് പൂര്‍ണമായും നശിപ്പിച്ചശേഷം ദുരന്തത്തിന്റെ പാഠം അടുത്ത തലമുറയെ ഓര്‍മിപ്പിക്കാനും ദുരന്തത്തില്‍ മരണമടഞ്ഞവരോടുള്ള ആദരവ് പ്രകടിപ്പിക്കാനുമായി സ്മൃതി മണ്ഡപം പണിയുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തി.(21.06.2010. മാത്രുഭൂമി)