Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

കുട്ടികളാണ് രാജ്യത്തിന്റെ ഭാവി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കുട്ടികള്‍ രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നവരാണെന്നും വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാക്കുന്ന നിയമം ചരിത്രപരമായ ഒന്നാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. നിയമം കാര്യക്ഷമമായി നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആറ് വയസ്സുമുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന നിയമം ഇന്ന് പ്രാബല്യത്തില്‍ വരുന്നതിന്റെ മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതോടെ പ്രാഥമികവിദ്യാഭ്യാസം സ്വപ്നം മാത്രമായിരുന്ന രാജ്യത്തെ 92 ലക്ഷം കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിയമപരമായി ചുമതലയായി. കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമായി പ്രാബല്യത്തില്‍ വന്നു. ചരിത്രപരമായ നിയമത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. 2002-ല്‍ 86-ാം ഭരണഘടനാ ഭേദഗതിയായി കൊണ്ടുവന്ന ബില്‍ കഴിഞ്ഞവര്‍ഷമാണ് പാര്‍ലമെന്റ് പാസ്സാക്കിയത്. വിവരാവകാശനിയമത്തിനും ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കും പിന്നാലെ യു.പി.എ. സര്‍ക്കാറിന്റെ ഭരണകാലത്തെ മറ്റൊരു നാഴികക്കല്ലായാണ് ഈ നിയമം വിലയിരുത്തപ്പെടുന്നത്. ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള 22 കോടി കുട്ടികളാണ് രാജ്യത്തുള്ളത്. ഇതില്‍ സ്‌കൂളിന്റെ പടി ചവിട്ടാന്‍ ഭാഗ്യം ലഭിക്കാത്ത 92 ലക്ഷം കുട്ടികളുണ്ടെന്നാണ് കണക്കുകള്‍. പദ്ധതി നടപ്പാക്കാനായി വേണ്ടിവരുന്ന മൊത്തം ഫണ്ടിന്റെ 55 ശതമാനം കേന്ദ്രസര്‍ക്കാറും 45 ശതമാനം സംസ്ഥാനസര്‍ക്കാരും നല്‍കും. അടുത്ത അഞ്ചുവര്‍ഷത്തേക്ക് 1.71 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. 25,000 കോടി രൂപ ധനകാര്യ കമ്മീഷന്‍ ഇതിനകം പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 25 ശതമാനം സീറ്റുകള്‍ പിന്നാക്കവിഭാഗങ്ങളിലെ കുട്ടികള്‍ക്കായി സംവരണം ചെയ്യണമെന്ന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ച് ചില സ്വകാര്യ വിദ്യാലയങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ നിയമനടപടികള്‍ പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി.