ആണവവിപത്തിനെ ഓര്‍മിപ്പിച്ച് നാഗസാക്കിയില്‍ ഇരകളുടെ സംഗമം
നാഗസാക്കി: 'ആണവോര്‍ജത്തിന്റെ വിപത്തിനെകുറിച്ച് ആദ്യം സംസാരിക്കേണ്ടത് ഞങ്ങള്‍ ജപ്പാന്‍കാരാണ്'-നാഗസാക്കി ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട 81 കാരനായ ഹിരോസ് പറയുന്നു. ലോകജനതയെ ഒന്നടങ്കം ഇപ്പോഴും ആശങ്കയിലാഴ്ത്തുന്ന ആണവ വിപത്തിനെ ഓര്‍മപ്പെടുത്തിയാണ് കഴിഞ്ഞദിവസം നാഗസാക്കിയല്‍ ദുരന്തത്തിന് ദൃസാക്ഷികളായവരും ഇരകളുടെ ബന്ധുക്കളും ഇരകള്‍ ഒത്തുകൂടിയത്്. ഇന്ന് ലോക ജനത ദുരന്തത്തിന്റെ 66ാം വാര്‍ഷികം ആചരിക്കുകയാണ്.
അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു ഹിരോസ്. ദുരന്തത്തില്‍ പിതൃസഹോദരി രക്തംവാര്‍ന്ന് മരിച്ച സംഭവം അവിടെ അദ്ദേഹം വിവരിക്കുകയുണ്ടായി. ദുരന്തത്തിന്റെ ഇരയാണെങ്കിലും ഹിരോസ് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആണവോര്‍ജം ആവശ്യമാണ് എന്ന പക്ഷക്കാരനായിരുന്നു. രാജ്യത്ത് മറ്റൊരു ആണവ ദുരന്തം ഫുക്കുഷിമയില്‍ ആവര്‍ത്തിച്ചതോടെ ആണവോര്‍ജവിരുദ്ധ പ്രചാരകനായി ഹിരോസ്. 'വികിരണങ്ങളുടെ പ്രത്യാഘാതങ്ങളെകുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ജപ്പാനില്‍ ഇടക്കിടെ ദുരന്തം ആവര്‍ത്തിക്കുന്നത് രാജ്യത്തിന്റെ വിധിയാണോ?' ഫുക്കുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ചോദിക്കുന്നു.
ഒരൊറ്റ ദിവസംകൊണ്ട് നാല്‍പതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയില്‍ പൊലിഞ്ഞത്. ജപ്പാന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വര്‍ഷിച്ച വര്‍ഷം മാത്ര 80,000ലേറെ ആളുകള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ പതിന്മടങ്ങ് ആളുകള്‍ ദുരന്തത്തിന്റെ കെടുതികള്‍ ഇന്നും അനുഭവിക്കുന്നു. 1945 ആഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയ ശേഷം ഒമ്പതിന് നാഗസാക്കിയിലും സാമ്രാജ്യത്വം ബോംബ് വര്‍ഷിക്കുകയായിരുന്നു.
നാഗസാക്കിയിലെ പീസ് മെമ്മോറിയലില്‍ ഇന്ന് ദുരന്ത വാര്‍ഷികം ആചരിക്കുമ്പോള്‍ ഇതാദ്യമായി ഒരു യു.എസ് പ്രതിനിധികൂടി പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുണ്ട്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ ജെയിംസ് സംവാല്‍ട്ടിനെയാണ് യു.എസ് പ്രതിനിധിയായി അയക്കുന്നത്. ഇതിനായി തന്നെ തെരഞ്ഞെടുത്തതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യു.എസ് തീരുമാനത്തെ നാഗസാക്കി മേയര്‍ തൊമീഹിസ സ്വാഗതം ചെയ്തു.