മൂന്നര വയസ്സുകാരനെ പിതാവ് ബെല്‍റ്റുകൊണ്ടടിച്ച് അവശനാക്കി
കൊട്ടിയം: പുതുച്ചിറ പൊരുംകുളത്തിനു സമീപം മൂന്നര വയസ്സുകാരനെ പിതാവ് വീട്ടില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. പെരുംകുളം തൊടിയില്‍ പുത്തന്‍വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷാജി (30)യാണ് മകന്‍ അന്‍ഷാദിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. പുറം മുഴുവന്‍ ബെല്‍റ്റുകൊണ്ടുള്ള അടിയേറ്റ് അവശനായ കുട്ടിയെ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് കൊട്ടിയം ഹോളി ക്രോസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബെല്‍റ്റിന്റെ ബക്കിള്‍കൊണ്ട് കുട്ടിയുടെ മുതുകത്തെ മാംസം ഇളകിപ്പോവുകയും ചെയ്തിട്ടുണ്ട്. പരവൂര്‍ തെക്കുംഭാഗം സ്വദേശിനി സബീനയുടെയും പാലത്തറ സ്വദേശി ഷാജിയുടെയും മകനാണ് അന്‍ഷാദ്. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ ഷാജി വീടിന് പുറത്ത് ഇറങ്ങാന്‍ അനുവദിച്ചിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെ അന്‍ഷാദ് പിതാവിന്റെ കണ്ണുവെട്ടിച്ച് വീട്ടു മുറ്റത്ത് ഇറങ്ങി കളിച്ചുകൊണ്ടിരുന്നു. സമീപത്തെ വീട്ടുടമസ്ഥ കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് 'അ' എന്ന അക്ഷരം എഴുതാത്തതിനാണ് വാപ്പ മര്‍ദ്ദിച്ചതെന്ന് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഇവര്‍ സമീപത്തെ പൊതുപ്രവര്‍ത്തകരായ പുതുച്ചിറ ദിനേശ്, സനല്‍കുമാര്‍, ബിജു എന്നിവരെ വിവരം അറിയിച്ചു. ഇവര്‍ കൊട്ടിയം പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി കുട്ടിയെ ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ മര്‍ദ്ദിച്ചിരുന്നതായി അമ്മ സജീനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസ് കേസെടുത്തു. (മത്രുഭൂമി 12/06/2011)