ചൊവ്വയില്‍ നീര്‍ച്ചാലുകളുണ്ടായിരുന്നതായി നാസ
വരണ്ട നീര്‍ച്ചാലുകള്‍ ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവുമാവശ്യമായ ജലം ചൊവ്വയില്‍ ഒരു കാലത്ത് സുലഭമായി ഒഴുകിയിരുന്നുവെന്ന് തെളിയിക്കുന്നതാണ്. യുഎസ്-സ്വിസ് സംയുക്ത നിരീക്ഷണത്തിലാണ് ചൊവ്വയിലെ വരണ്ട നീര്‍ച്ചാലുകള്‍ കണ്ടെത്തിയത്.
നാസയുടെ എംആര്‍ഒ എന്ന വിവിധോദ്ദേശക ബഹിരാകാശവാഹനമാണ് ഈ അപൂര്‍വചിത്രങ്ങള്‍ പകര്‍ത്തിയത്.
മലകളുടെ മുകള്‍ഭാഗത്തു നിന്നാരംഭിക്കുന്ന നീര്‍ച്ചാലുകള്‍ മീറ്ററുകളോളം താഴേയ്ക്കു ഒഴുകയെത്തുന്ന ചിത്രങ്ങളാണ് സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്. മലനിരകളിലെ തടസങ്ങളില്‍ തട്ടി ഇഴപിരിഞ്ഞൊഴുകുന്ന അടയാളങ്ങളും ചിത്രത്തില്‍ കാണാന്‍ കഴിയും. കാലക്രമത്തില്‍ സൂര്യപ്രകാശത്തില്‍ ജലം ബാഷ്പീകരിക്കപ്പെട്ടതാവാമെന്നാണ് നിഗമനം.
എന്നാല്‍ സൂര്യതാപത്തില്‍ ചൊവ്വയിലെ മണ്ണുരുകി ഒലിച്ചതാണ് നീര്‍ച്ചാലുകള്‍ പോലുള്ള അടയാളങ്ങളെന്ന മറുവാദവും ഉയര്‍ന്നിട്ടുണ്ട്.
നേരത്തെ ചൊവ്വയുടെ ഉത്തരധ്രുവത്തില്‍ മഞ്ഞിന് സമാനമായ വെളുത്ത വസ്തു കണ്ടെത്തിയതായി നാസ സ്ഥിരീകരിച്ചിരുന്നു.(5-Aug-2011 varthalokam.com)