മിറാഷ് വിമാനങ്ങള്‍ നവീകരിക്കാന്‍ 10,600 കോടിയുടെ കരാറായി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് യുദ്ധ വിമാനങ്ങള്‍ നവീകരിക്കാന്‍ ഫ്രഞ്ച് കമ്പനികളുമായി 10,600 കോടി രൂപയുടെ (240 കോടി ഡോളര്‍) കരാര്‍ ഒപ്പിട്ടു. 1980കളില്‍ വാങ്ങിയ 51 വിമാനങ്ങള്‍ നവീകരിക്കുന്നതിനാണ് തെയ്ല്‍സ്, ഡസ്സോള്‍ട്ട് ഏവിയേഷന്‍ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ കരാറൊപ്പുവെച്ചത്. സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതി രണ്ടാഴ്ച മുമ്പാണ് ഇടപാടിന് അനുമതി നല്‍കിയത്.
മിറാഷ് 2000 വിമാനങ്ങള്‍ നവീകരിക്കാന്‍ ഇത്രയും ഉയര്‍ന്ന തുക ചെലവാക്കുന്നതു സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. പുതിയ ആയുധങ്ങള്‍ വാങ്ങാന്‍ നൂറ് കോടി ഡോളറും ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കാന്‍ അമ്പതു കോടി ഡോളറും കൂടിയാവുമ്പോള്‍ പദ്ധതിയുടെ ചെലവ് 400 കോടിയാവുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഒരു യുദ്ധവിമാനം നവീകരിക്കാന്‍ ശരാശരി 350 കോടിയോളം രൂപ ചെലവാകും.
'മീഡിയം മള്‍ട്ടി റോള്‍ കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് ടെന്‍ഡര്‍' വഴി ഇന്ത്യ 126 വിമാനങ്ങള്‍ വാങ്ങുന്നത് ഏതാണ്ട് ഇതേ വിലയ്ക്കാണ്. മുപ്പതു വര്‍ഷം വരെ പഴക്കമുള്ള വിമാനങ്ങള്‍ നവീകരിക്കാന്‍ പുതിയ വിമാനം വാങ്ങുന്നതിന്റെ ചെലവു വരുന്നതായി ഇടപാടിനെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു. എന്നാല്‍, വിമാനം നവീകരിച്ചുകഴിഞ്ഞാല്‍ ഇവ പുതിയതുപോലെ പ്രവര്‍ത്തിക്കുമെന്നാണ് ഇടപാടിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. 1982നും 1986നും ഇടയില്‍ വാങ്ങിയ വിമാനങ്ങളാണ് നവീകരിക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങളുടെ സാങ്കേതിക-പ്രവര്‍ത്തന മേന്മ കൂട്ടുകയാണ്കരാറിന്റെ ലക്ഷ്യം. ഫ്രഞ്ച് വ്യോമസേനയുമായുള്ള അമ്പതു വര്‍ഷത്തെ സഹകരണത്തിന്റെ പ്രതീകമാണ് മിറാഷ് എന്ന് കമ്പനികളുടെ പത്രക്കുറിപ്പില്‍ പറയുന്നു.
വിമാനങ്ങളില്‍ രണ്ടെണ്ണം ഡസ്സോള്‍ട്ട് ഏവിയേഷന്‍ ഫ്രാന്‍സിലും രണ്ടെണ്ണം ഇന്ത്യയില്‍ ഫ്രാന്‍സിന്റെ സഹകരണത്തോടെയും ബാക്കിയുള്ളവ പൂര്‍ണമായും എച്ച്.എ.എല്ലിലുമാണ് നവീകരിക്കുക. നവീകരണം പൂര്‍ണമാക്കാന്‍ ഒമ്പതു വര്‍ഷമെടുക്കും.