റെയില്‍വെ പ്രകൃതിവാതകം ഇന്ധനമാക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ, ഡീസലിന് പകരം പ്രകൃതി വാതകം (എല്‍എന്‍ജി) ഇന്ധനമാക്കാന്‍ വന്‍തോതിലൊരുങ്ങുന്നു. ഇതുവഴി ചെലവു കുറയ്ക്കുകയും മലിനീകരണം നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. ട്രെയിന്‍ എന്‍ജിനിലും ഫാക്ടറികളിലും വര്‍ക്ക്‌ഷോപ്പുകളിലും എല്‍എന്‍ജി ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി റെയില്‍വെ ധാരണാപത്രം ഒപ്പുവെച്ചു.
ഘട്ടംഘട്ടമായായിരിക്കും എല്‍എന്‍ജി ഉപയോഗം വ്യാപിപ്പിക്കുകയെന്ന് ഒരു ഉയര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടക്കത്തില്‍ ഫാക്ടറികളിലായിരിക്കും ഇത് ഇന്ധനമായി ഉപയോഗിക്കുക. പിന്നീട് ഡീസല്‍ ലോക്കോമോട്ടീവുകളിലും ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ട്രെയില്‍ എന്‍ജിനുകളില്‍ ഹൈ സ്പീഡ് ഡീസലും വര്‍ക്ക്‌ഷോപ്പുകളിലും ഫാക്ടറികളിലും ഫര്‍ണസ് ഓയിലുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ട്രെയിനുകള്‍ക്കായി പ്രതിവര്‍ഷം 250 കോടി ലിറ്റര്‍ ഹൈ സ്പീഡ് ഡീസല്‍ വേണ്ടിവരുന്നുണ്ട്.
ഇതിന് 10,000 കോടി രൂപ ചെലവു വരുന്നുണ്ട്. 10 ശതമാനം കണ്ടെങ്കിലും ഇത് കുറയ്ക്കാനായാല്‍ റെയില്‍വെയ്ക്ക് പ്രതിവര്‍ഷം 1,000 കോടി രൂപ ലാഭിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എല്‍എന്‍ജിയുടെ ഉപയോഗം വ്യാപകമാക്കുന്നതോടെ ഇതിന് കഴിയുമെന്നാണ് പ്രതീക്ഷ.
ഇതിനുപുറമെ, ജൈവ ഡീസല്‍ ഉപയോഗിക്കാനും റെയില്‍വെയ്ക്ക് പദ്ധതിയുണ്ട്. ഇതിനായി രണ്ട് ബയോ ഡീസല്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയാണ് റെയില്‍വെ. പ്രതിദിനം 30 ടണ്ണാണ് ഉത്പാദന ശേഷി.(mathrubumi)