ഇന്ത്യയുടേത് മികച്ച സാമ്പത്തിക വളര്‍ച്ചയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ലോകത്തെ മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ച സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താന്‍ അടക്കമുള്ള തിര്‍ത്തി രാജ്യങ്ങളുമായി സഹവര്‍ത്തിത്വത്തോടെ മുന്നോട്ടുപോകും. അതിര്‍ത്തി സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്നും അവിടെ സമാധാനം വരാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്നും മന്‍മോഹന്‍സിങ് വ്യക്തമാക്കി. ലഡാക്കില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ പുനരധവസിപ്പിക്കും.
കാര്‍ഷിക രംഗത്തും സ്ത്രീശാക്തീകരണത്തിലും ഇന്ത്യ ശക്തമായി മുന്നോട്ടുപോകുമെന്നും വര്‍ഗീയതയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നക്‌സലിസമാണ് ആഭ്യന്തരമായി രാജ്യം നേരിടുന്ന വെല്ലുവിളി. എന്നാല്‍ അതിക്രമങ്ങള്‍ അടിച്ചമര്‍ത്തുമെന്നും നക്‌സല്‍ മേഖലകളില്‍ കൂടുതല്‍ വികസനം കൊണ്ടുവരുമെന്നും നക്‌സലുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസ് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തേണ്ട കായികമാമാങ്കമാണ്. ദേശീയ ഉത്സവമായി ഗെയിംസിനെ ഓരോ പൗരനും കാണണമെന്നും അത് വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
(വാർതാലോകം )