ഗതാഗതകുരുക്കഴിക്കാൻ ഭീമൻ മെട്രൊ ബസ്
നഗരത്തിലെ മനം മടുപ്പിക്കുന്ന ട്രാഫിക്ക് കുരുക്കില്‍പെടുമ്പോള്‍ പലപ്പോഴും അലോചിക്കുന്ന ഒരു കാര്യമുണ്ട്. വലിയ ബസുകള്‍ക്കും ലോറികള്‍ക്കും പോകാന്‍ മാത്രമായി തലയ്ക്കു മുകളിലൊരു വഴി ഉണ്ടായിരുന്നെങ്കില്‍. തലയ്ക്കു മുകളിലൂടെ നീങ്ങുന്ന ബസ് എന്ന ആശയം ഒരുപക്ഷെ ഇത്തരമൊരു ചിന്തയില്‍ നിന്ന് ഉദിച്ചതാവാം. മെട്രൊ ട്രെയിനുകള്‍ക്കു ബദലായി ചൈനയില്‍ അവതരിപ്പിച്ച പുതിയ തരം ബസ് ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. റോഡിനിരുവശവും അള്ളിപ്പിടിച്ച് തെന്നി നീങ്ങുന്ന ബസ് മറ്റ് വാഹനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും സൃഷ്ടക്കില്ലെന്നതാണ് പ്രധാന ആകര്‍ഷണം. ഇരുവശവുമുളള കാലുകളിലെ ചെറു ചക്രങ്ങളുപയോഗിച്ച് മുന്നോട്ട് നീങ്ങുന്ന ബസിനടിയിലൂടെ അനേകം കാറുകള്‍ക്ക് ഒരേ സമയം കടന്നു പോകാനും കഴിയും. റോഡിനിരുവശവും ചെറു റെയിലുകള്‍ പോലെയുള്ള സംവിധാനത്തിലൂടെയാണ് ഈ ഭീമന്‍ ബസ് മുന്നോട്ട് നീങ്ങുന്നത്.
ബസിനടിയിലൂടെ പോകുന്ന ചെറുകാറുകള്‍ക്ക് ഒരു ടണലിലെത്തിയ പ്രതീതിയാണുണ്ടാവുക. എന്നാല്‍, വശങ്ങളിലിടിച്ചേക്കുമോ എന്ന പേടി വേണ്ട. വശങ്ങളിലുളള സെന്‍സറുകള്‍ ഇത് തടയും. ബസിനടിയിലൂടെ കടന്നു പോകാന്‍ കഴിയാത്ത ഉയരമുളള വാഹനങ്ങള്‍ക്ക് വഴിമാറി പോവാനും സെന്‍സറുകള്‍ സഹായിക്കും. ഡ്രൈവര്‍ക്ക് പുറകില്‍ നിന്നും വരുന്ന കാറുകളെയും അടിയിലൂടെ പോകുന്നവയേയും സ് ക്രീനില്‍ കാണാമെന്നതിനാല്‍ അപകട സാധ്യതയും കുറവാണെന്നാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ചൈന ഹഷിന്റെ പക്ഷം. ഇത്തരം ബസുകള്‍ അവതരിപ്പിക്കുന്നതിലൂടെ മെട്രോ ട്രെയിനുകള്‍ക്കായി ചിലവഴിക്കുന്ന ഭീമന്‍ തുക ലാഭിക്കാമെന്നും ഹഷ് അഭിപ്രായപ്പെടുന്നു.
(സന്ദീപ് സുധാകർ മാത്രുഭൂമി.)