
വാഷിങ്ടണ്‍: ഇന്ത്യ വളര്‍ന്നുവരുന്ന ഉത്തരവാദിത്വമുള്ള ആഗോളശക്തിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് തന്റെ ഭരണകൂടം മുന്തിയ പരിഗണനയാണ് നല്‍കുന്നത്. വ്യക്തിപരമായും ഇന്ത്യയുമായി വളരെ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയ്ക്ക് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഒബാമ.
അമേരിക്കയുടെ ഒഴിച്ചുകൂടാനാകാത്ത പങ്കാളിയാണ് ഇന്ത്യ. ലോകത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യയുടെ സഹകരണം തേടുന്നതില്‍ അഭിമാനമാണുള്ളത്. ഭൗമഭൂപടത്തിലുള്ള രാജ്യം എന്നിതനപ്പുറം നയസമീപനങ്ങളും അവരുടെ ഇടപെടലും ഇന്ത്യയെ അനിഷേധ്യ ശക്തിയാക്കും.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം 21 ാം നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായക കൂടുക്കെട്ടായിരിക്കും. സുരക്ഷയും സാമ്പത്തികവും ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിലും ഈ ബന്ധത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെയധികം വിലമതിക്കുന്നു. ഇന്ത്യയും അമേരിക്കയും മുമ്പെത്തെക്കാളേറെ സഹകരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്.
അഫ്ഗാന്‍ ജനതയുടെ കാര്യത്തിലും തീവ്രവാദം തടയുന്നതിലും യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലും ആരോഗ്യരംഗത്തും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക സഹകരണം കൂടുതല്‍ വിപുലമാക്കുന്നത് ധനകാര്യ നിക്ഷേപ വ്യാപാരരംഗങ്ങളില്‍ കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ പര്യാപത്മാണെന്നും ഒബാമ പറഞ്ഞു.
നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രസംഗവേളയില്‍ ഒബാമ അറിയിച്ചു. മിക്കവാറും നവംബര്‍ ഏഴ് മുതല്‍ 10 വരെയായിരിക്കും ഒബാമയുടെ സന്ദര്‍ശനപരിപാടിയെന്നാണ് സൂചന. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ക്ഷണം സ്വീകരിച്ചാണ് താന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെന്ന് ഒബാമ അറിയിച്ചു.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടുത്തേണ്ടതിന്റെ ആവശ്യകത വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ എടുത്തുപറഞ്ഞു.