കാലവര്‍ഷത്തെ 'ഫെറ്റ്' കൊണ്ടുപോയി
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ആദ്യദിനങ്ങളില്‍ത്തന്നെ ദുര്‍ബലമായി. 'ഫെറ്റ്' എന്ന ചുഴലിക്കൊടുങ്കാറ്റ് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കെടുത്തിയതാണ് കാരണം. ഇനി ജൂണ്‍ ആറുമുതല്‍ക്കേ നല്ല മഴയ്ക്ക് സാധ്യതയുള്ളൂ. കാലവര്‍ഷം ശക്തിപ്രാപിക്കണമെങ്കില്‍ ജൂണ്‍ പത്തെങ്കിലുമാവണം
മെയ് 31-നാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. എന്നാല്‍, ഇതേസമയം ലക്ഷദ്വീപ്ഭാഗത്ത് രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കൊടുങ്കാറ്റായി ഒമാന്‍ തീരത്തിനടുത്ത് എത്തിയിട്ടുണ്ട്. 'ഫെറ്റ്' എന്നാണ് കാറ്റിന്റെ പേര്. തായ്‌ലാന്‍ഡാണ് ഇത്തവണ കാറ്റിന് പേരിട്ടത്. പാകിസ്താന്‍ പേരിട്ട 'ലൈല'യ്ക്കും ശ്രീലങ്ക പേരിട്ട 'ബന്ധു'വിനും ശേഷമാണ് 'ഫെറ്റി'ന്റെ വരവ്.
ജനീവ ആസ്ഥാനമായ ലോക കാലാവസ്ഥാസംഘടനയാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. ഇതിനായി ഓരോ മേഖലയിലെയും രാജ്യങ്ങളുടെ പാനലും പേരുകളുടെ പാനലും തയ്യാറാക്കിയിട്ടുണ്ട്. തായ്‌ലാന്‍ഡ് ഇട്ട പേരാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ചുഴലിക്കൊടുങ്കാറ്റ് ഒമാന്‍ തീരത്തുനിന്ന് പാകിസ്താന്‍ തിരത്തേയ്ക്ക് കടക്കുമെന്നാണ് പ്രവചനം. ഇതിന് രണ്ടോ മൂന്നോ ദിവസമെടുക്കും. അതിനുശേഷമേ കേരളത്തില്‍ കാലവര്‍ഷം ശക്തമാവൂ.
പടിഞ്ഞാറുനിന്ന് വീശുന്നതിനുപകരം കേരളതീരത്ത് വടക്കുപടിഞ്ഞാറുനിന്ന് ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ഇതുകാരണം മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് പറഞ്ഞു. അതേസമയം ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടാനും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
മെയ് 31ന് കാലവര്‍ഷം എത്തിയെങ്കിലും കേരളത്തില്‍ ഇതുവരെ ഒറ്റപ്പെട്ട ചെറിയതോതിലുള്ള മഴയേ ലഭിച്ചിട്ടുള്ളൂ.
(മാത്രുഭൂമി.02.06.2010)