
സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള അന്യഗ്രഹജീവികള്‍ സത്യത്തില്‍ ഭൂമി സന്ദര്‍ശിക്കാറുണ്ടോ? ഉണ്ടെന്നാണ് കാനഡയിലെ മുന്‍ പ്രതിരോധമന്ത്രി പോള്‍ ഹെല്‍യര്‍ അടുത്തിടെ പ്രസ്താവിച്ചത്. പ്രശസ്ത ആസ്‌ട്രോഫിസിസ്റ്റ് സ്റ്റീഫന്‍ ഹോക്കിന്‍സ് പറയും വിധം മനുഷ്യരാശിക്ക് യാതൊരുവിധ ഭീഷണിയുമായല്ല വര്‍ഷങ്ങളായി അവര്‍ നമ്മുടെ ഭൂമിയില്‍ വന്നുകൊണ്ടിരിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്.
നാം ഇന്ന് ഉപയോഗിക്കുന്ന മൈക്രോചിപ്പുകള്‍ വികസിപ്പിക്കുന്നതിനുള്ള വിവരങ്ങള്‍ ലഭിച്ചതും വിവരസാങ്കേതികവിദ്യ ഇത്രമാത്രം വികസിക്കാന്‍ കാരണമായതും അവരുടെ (അന്യഗ്രഹജീവികള്‍) ബഹിരാകാശപേടകങ്ങ(സ്‌പേസ്ഷിപ്പ്)ളാണെത്രെ. അല്ലാതെ മനുഷ്യന് ഉപദ്രവം ഉണ്ടാക്കാനല്ലെന്നു സാരം. എന്നാല്‍ ഈയടുത്തിടെയാണ് ഹോക്കിന്‍സ് മനുഷ്യരാശിയോട് അന്യഗ്രഹജീവികളില്‍ നിന്ന് ഉണ്ടായേക്കാവുന്ന ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയത്. നാം അന്യഗ്രഹജീവികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ തുടങ്ങിയാല്‍ അവ നമ്മെ ആക്രമിക്കാനും പ്രധാന സ്രോതസ്സുകള്‍ കൊള്ളയടിക്കാനും സാധ്യതയുണ്ടെന്നാണ് ഹോക്കിന്‍സ് പറയുന്നത്.
ഹോക്കിന്‍സിന്റെ അഭിപ്രായത്തില്‍ അന്യഗ്രഹജീവികള്‍ എന്നു പറയുന്നത് ചെറിയ ജീവികളായിരിക്കാം. എന്നാല്‍ അതിലെ ‘നൊമാഡുകള്‍’ മറ്റു ഗ്രഹങ്ങളെ ആക്രമിക്കാനും കോളനികളാക്കാനും തക്കം പാര്‍ത്തിരിക്കുകയാണ്. അവര്‍ നമ്മെ ആക്രമിക്കുമെന്നാണ് ഹോക്കിന്‍സിനെ ഉദ്ധരിച്ചുകൊണ്ട് ഐ എ എന്‍ എസ് റിപോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സഹസ്രാബ്ദങ്ങളായി അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിക്കുകയും നമ്മുടെ അറിവിലേക്ക് വിവരങ്ങള്‍ സംഭാവന ചെയ്യുകയുമാണെന്നാണ് ഹെല്‍യെര്‍ കനേഡിയന്‍ മാധ്യമങ്ങളോട് അറിയിച്ചത്. നമ്മുടെ കംപ്യൂട്ടര്‍ സ്‌ക്രീനുകളുടെ ആവിര്‍ഭാവം തന്നെ അവരുടെ ബഹിരാകാശ പേടകങ്ങളാണെത്രെ. ഹോക്കിന്‍സ് മനുഷ്യനെ വെറുതെ പേടിപ്പിക്കുകയാണ്. അദ്ദേഹത്തിനെ പോലെ പ്രഗല്‍ഭനായ ഒരാളില്‍ നിന്ന് ഇത്തരം അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും പോള്‍ ഹെല്‍യെര്‍ പറഞ്ഞു. (10.05.2010 keralaflashnews)