
മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ അമീര്‍ കസബിനെ വധശിക്ഷയ്ക്ക് വിധിച്ചു. ആര്‍തര്‍ റോഡ് ജയിലിലെ പ്രത്യേക കോടതി മുറിയില്‍ ജഡ്ജ് എം.എല്‍. തഹലിയാനിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കസബ് കുറ്റക്കാരനാണെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷ വിധിക്കുന്നത് മാത്രമാണ് ഇന്നത്തേക്ക് മാറ്റിവെച്ചിരുന്നത്. കസബിനെതിരായ ചുമത്തിയ 86 കുറ്റങ്ങള്‍ കോടതി ശരിവെക്കുകയും ചെയ്തിരുന്നു.
വിധി പ്രസ്താവനയുടെ ഭാഗമായി കനത്ത സുരക്ഷയാണ് കോടതിപരിസരത്ത് ഒരുക്കിയത്. വിദേശ മാധ്യമങ്ങളിലേതടക്കം വന്‍ മാധ്യമപ്പടയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കേസ് വിചാരണ പൂര്‍ത്തിയായത്. വിചാരണയില്‍ കസബിന് വധശിക്ഷ നല്‍കണമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം ആവശ്യപ്പെട്ടു. കേസിലെ കൂട്ടുപ്രതികളായ ഇന്ത്യക്കാരായ രണ്ടുപേരെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ഫാഹിം അന്‍സാരി, സബാഹുദീന്‍ അഹമ്മദ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
കസബിന്റെ പ്രായം കണക്കിലെടുത്ത് മാനസിക പരിവര്‍ത്തനത്തിനുള്ള അവസരം നല്‍കണമെന്നും ജീവപര്യന്തമാക്കി ശിക്ഷ പരിമിതപ്പെടുത്തണമെന്നും കസബിന്റെ അഭിഭാഷകന്‍ കെ.പി. പവാര്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കോടതി ഇതിന് തയ്യാറായില്ല. അതേസമയം കസബ് അഭ്യര്‍ഥിക്കുകയാണെങ്കില്‍ ആവശ്യമായ നിയമസഹായം നല്‍കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കി.
2008 നവംബര്‍ 26 നാണ് 25 വിദേശികളടക്കം 166 പേരുടെ മരണത്തിന് കാരണമായ മുംബൈ ഭീകരാക്രമണം നടന്നത്. 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ആക്രമണം നീണ്ടുനിന്നു. 271 ദിവസം കൊണ്ടാണ് കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പൂര്‍ത്തിയായത്. 11,000 ത്തിലധികം പേജുകള്‍ വരുന്ന കുറ്റപത്രം പ്രോസിക്യൂഷന്‍ കഴിഞ്ഞ ഫിബ്രവരി 25ന് കോടതിയില്‍ സമര്‍പ്പിച്ചു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഉറ്റുനോക്കുന്ന വിധിയാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.

(മത്രുഭൂമി.06.05.2010)