
ന്യൂഡല്‍ഹി: ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് 150 വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയര്‍ക്രാഫ്റ്റ് അക്വസിഷന്‍ കമ്മിറ്റി തത്വത്തില്‍ അനുമതി നല്‍കി. ഇതോടെ ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി വിമാനനിര്‍മാതാക്കളുമായും വിമാനങ്ങള്‍ പാട്ടത്തിന് നല്‍കുന്ന കമ്പനികളുമായും ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കും.
ഇന്‍ഡിഗോയ്ക്ക് നിലവില്‍ 30 എയര്‍ബസ് വിമാനങ്ങളാണ് ഉള്ളത്. 100 വിമാനങ്ങള്‍ വാങ്ങാന്‍ 2005ല്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇവ 2015 ഓടെ എത്തും. ഏതാണ്ട് 27,500 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഇതിന് പുറമെയാണ് 150 വിമാനങ്ങള്‍ കൂടി വാങ്ങുന്നത്.
ഏതൊക്കെ തരം വിമാനങ്ങളാണ് ഇന്‍ഡിഗോ വാങ്ങുക എന്ന് തീരുമാനിച്ചിട്ടില്ല. അന്താരാഷ്ട്ര സര്‍വീസ് തുടങ്ങാനുള്ള അനുമതിയും കമ്പനിക്ക് ഉടന്‍ ലഭിക്കും. ഇത് കൂടി മുന്നില്‍ കണ്ടാണ് കൂടുതല്‍ വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി തേടിയിരിക്കുന്നത്.
സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയായതും 20 വിമാനങ്ങളെങ്കിലും ഉള്ളതുമായ എയര്‍ലൈന്‍ കമ്പനികള്‍ക്ക് അന്താരാഷ്ട്ര സര്‍വീസ് തുടങ്ങാം. (04.05.2010 മത്രുഭൂമി)