Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ആന്റിവൈറസ് പ്രോഗ്രാമുകളുടെ രൂപത്തില്‍ വൈറസ് പടരുന്നു

വൈറസ് വിരുദ്ധ പ്രോഗ്രാമുകള്‍ എന്ന വ്യാജേന ദുഷ്ടപ്രോഗ്രാമുകള്‍ പടരുന്നത് കമ്പ്യൂട്ടറുകള്‍ക്ക് വന്‍ ഭീഷണി സൃഷ്ടിക്കുന്നതായി ഗൂഗിളിന്റെ പഠനം. വെബ്ബില്‍ പടരുന്ന ദുഷ്ടപ്രോഗ്രാമുകളില്‍ (മാള്‍വേറുകള്‍) 15 ശതമാനവും ഇത്തരം വ്യാജ ആന്റിവൈറസ് പ്രോഗ്രാമുകളാണെന്ന് പഠനം വ്യക്തമാക്കി. 24 കോടി വെബ്ബ്‌പേജുകളെ 13 മാസം നിരീക്ഷിച്ചായിരുന്നു പഠനം. നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് ബാധിച്ചിരിക്കുന്നു. അപകടം ഒഴിവാക്കാന്‍ ഈ പ്രോഗ്രം ഡൗണ്‍ലോഡ് ചെയ്യുക എന്ന നിലയ്ക്കാണ് വ്യാജപ്രോഗ്രാം കെണിയൊരുക്കുക. പ്രോഗ്രാം ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍, അത് കമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങും. അല്ലെങ്കില്‍, ആ വ്യാജ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാശ് കൊടുക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതമാക്കപ്പെടും. ഒട്ടേറെ യൂസര്‍മാര്‍ ഇത്തരം കമ്പ്യൂട്ടര്‍ ആക്രമണത്തിന് ഇരയാകുന്നു എന്നത് മാത്രമല്ല, വ്യാജ ആന്റിവൈറസ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാശ് മുടക്കുകയും ചെയ്യുന്നു എന്നതാണ് അത്ഭുതമുളവാക്കുന്ന സംഗതിയെന്ന് പഠനം പറയുന്നു. കാശ് കൊടുത്തു എന്നതുകൊണ്ട് വ്യാജപ്രോഗ്രാം കമ്പ്യൂട്ടറില്‍ നിന്ന് വിട്ടു പോകണമെന്നില്ല. അത് മറ്റ് ദുഷ്ടപ്രോഗ്രാമുകളുമായി കൂട്ടുചേര്‍ന്ന് കമ്പ്യൂട്ടറില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് തുടരും. കാലിഫോര്‍ണിയയില്‍ യൂസ്‌നിക്‌സ് വര്‍ക്ക്‌ഷോപ്പിലാണ് ഗൂഗിളിന്റെ പഠനം അവതരിപ്പിക്കപ്പെട്ടത്. 2009 ജനവരി മുതല്‍ 2010 ഫിബ്രവരി വരെയുള്ള സമയത്താണ് പഠനത്തിനായി വെബ്ബ്‌സൈറ്റുകള്‍ നിരീക്ഷിച്ചത്. വ്യാജ വൈറസ് വിരുദ്ധ പ്രോഗ്രാം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 11,000 വെബ്ബ് ഡൊമെയിനുകള്‍ പഠനകാലത്ത് തിരിച്ചറിയുകയുണ്ടായി. ഇത്തരം വ്യാജപ്രോഗ്രാമുകളില്‍ പകുതിയിലേറെയും പരസ്യങ്ങളുടെ രൂപത്തിലാണ് പ്രചരിക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു. സെര്‍ച്ച് എഞ്ചിനുകളുടെ കണ്ണ് വെട്ടിച്ച് സെര്‍ച്ച് ഫലങ്ങളില്‍ മുന്നിലെത്താന്‍ സഹായിക്കുന്ന പിന്നാമ്പുറ വിദ്യകളുടെ സഹായത്തോടെയാണ്, ഇത്തരം ദുഷ്ടപ്രോഗ്രാമുകള്‍ ഇരകളെ കണ്ടെത്തുന്നതെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാസ്ഥാപനമായ സോഫോസിലെ ഗ്രഹാം ക്ലൂലീ അറിയിക്കുന്നു. പ്രധാനവാര്‍ത്തകള്‍ പിന്തുടര്‍ന്നാണ് കമ്പ്യൂട്ടര്‍ ഭേദകര്‍ ഇത് സാധിക്കുന്നത്. ഉദാഹരണത്തിന് മൈക്കല്‍ ജാക്‌സന്റെ മരണ വാര്‍ത്ത പരിഗണിക്കുക. ആ ഉള്ളടക്കമുള്ള ഒരു വെബ്ബ്‌സൈറ്റ് പെട്ടെന്ന് തട്ടിക്കൂട്ടുന്നു. പല സന്ദര്‍ഭങ്ങളിലും സെര്‍ച്ച് ഫലങ്ങളില്‍ ആ സൈറ്റ് മുന്നിലെത്തുന്നു. സെര്‍ച്ച് ഫലങ്ങളില്‍ മുന്നിലെത്തിയ ലിങ്കില്‍ ആരെങ്കിലും ക്ലിക്കുചെയ്താല്‍, വ്യാജ ആന്റിവൈറസ് പ്രോഗ്രാം സംബന്ധിച്ച പോപ്പപ്പ് ലിങ്ക് പ്രത്യക്ഷപ്പെടുന്നു. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ യൂസര്‍ കെണിയിലാവുകയായി. ഇത്തരം വെബ്ബ്‌സൈറ്റ് കെണികളെ ഒഴിവാക്കാന്‍ ഗൂഗിളിന് ചില സംവിധാനങ്ങളൊക്കെയുണ്ട്. എന്നാല്‍, ഡൊമെയിനുകള്‍ വേഗം മാറുക വഴി സെര്‍ച്ച്എഞ്ചിന്റെ കണ്ണില്‍ പെടാതെ കഴിയാന്‍ പലപ്പോഴും ഭേദകര്‍ക്ക് കഴിയും. തങ്ങളുപയോഗിക്കുന്ന ആന്റിവൈറസ് പ്രോഗ്രാമുകളെക്കുറിച്ച് യൂസര്‍ക്ക് നല്ല ധാരണ വേണമെന്ന് ക്ലൂലീ പറയുന്നു. എതെങ്കിലും പോപ്പപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെട്ട്, കൂടുതലായി എന്തെങ്കിലും ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയോ, കമ്പ്യൂട്ടര്‍ വൃത്തിയാക്കാന്‍ കാശ് ചോദിക്കുകയോ ചെയ്താല്‍ അത് സംശയത്തോടെ വേണം കാണാനെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. (29.04.2010 മാത്രുഭൂമി)