
വാഷിംഗ്ടണ്‍: മുസ്ലി ലോകവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുമെന്ന് ഉറപ്പു നല്‍കിയ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ മുസ്ലിം സംരഭകരുടെ സമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനം അമേരിക്കയിലേയും മുസ്ലീം രാജ്യങ്ങളിലേയും ബിസിനസുകാര്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കും.
വാഷിംഗ്ടണില്‍ അടുത്ത തിങ്കളാഴ്ച തുടങ്ങുന്ന ദ്വിദിന സമ്മേളനത്തില്‍ 50 രാജ്യങ്ങളില്‍ നിന്നുള്ള 250 വ്യവസായ സംരഭകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലോകത്തെ വ്യപാര, സാമൂഹ്യ അന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ഉദ്ദേശ്യമെന്ന് വൈറ്റ് ഹൌസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡ്‌സ് പറഞ്ഞു. ആഗോള വ്യവസായ സംരഭകത്വത്തിന് ആക്കം കൂട്ടുക അമേരിക്കയുടെ വിദേശ നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്പര ബഹുമാനത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായി സ്വകാര്യ മേഖലയിലും പൊതു സമൂഹത്തിലും മുസ്ലിം ലോകവുമായുള്ള അമേരിക്കയുടെ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് കഴിഞ്ഞ ജൂണില്‍ കെയ്‌റോയില്‍ നടന്ന മുസ്ലിം നേതാക്കളുടെ യോഗത്തില്‍ ഒബാമ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമാണ് പുതിയ സമ്മേളനമെന്ന് വിലയിരുത്തപ്പെടുന്നു. യു എസ് വിദേശ കാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍, സാമ്പത്തിക കാര്യ ഉപദേഷ്ടാവ് ലാറി സമ്മേഴ്‌സ് എന്നിവരുള്‍പ്പടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. (കേരള ഫ്ലാഷ് ന്യൂസ്)