
ലണ്ടന്‍: ഐസ്‌ലാന്റിലെ അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരപ്പുകയെ തുടര്‍ന്ന് യൂറോപ്പിലൂടെയുള്ള വിമാനസര്‍വ്വീസകള്‍ ഇന്നും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനിടെ ചില യൂറോപ്യന്‍ വിമാനക്കമ്പനികള്‍ പുകപരന്ന പ്രദേശത്തുകൂടി പരീക്ഷണപ്പറക്കലുകള്‍ നടത്തി.
ലോകത്തെ ഏറ്റവുംതിരക്കേറിയ വിമാനസഞ്ചാരപഥങ്ങളിലൂടെയുള്ള സര്‍വീസുകള്‍ നിര്‍ത്തിയത് പുനസ്ഥാപിക്കാനായി വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാരിനുമേല്‍ സമ്മദര്‍ദ്ദം ഏറുകയാണ്.
ഇതിന്റെ ഭാഗമായാണ് വിവിധ കമ്പനികള്‍ പ്രദേശത്തുകൂടി പരീക്ഷണപ്പറക്കല്‍ നടത്തിയത്. അഗ്നിപ്പര്‍വ്വതത്തില്‍ നിന്നുള്ള ചാരപ്പുകയും ധൂളികളും ഇപ്പോഴും ആകാശത്തുള്ളതിനാല്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്നാണ് മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ ചില സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ജര്‍മ്മനി അനുമതി നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനസര്‍വീസുകളില്‍ എണ്‍പത് ശതമാനവും നിര്‍ത്തിവെച്ചിരിക്കുകയാണ്.
കെ.എല്‍.എം. റോയല്‍ ഡച്ച് എയര്‍ലൈന്‍സ്, ലുഫ്താന്‍സ, എയര്‍ഫ്രാന്‍സ് തുടങ്ങിയ കമ്പനികളാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. പൈലറ്റുമാര്‍ ഇതേ വരെ കുഴപ്പങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനികള്‍അവകാശപ്പെട്ടിട്ടുണ്ട്.