Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ഇന്ത്യന്‍തീരത്ത് സമുദ്രനിരപ്പ് ഉയരുന്നതിന്റെ തോത് വര്‍ധിക്കുന്നു - ഡോ. ശൈലേഷ് നായക്

തിരുവനന്തപുരം: ഇന്ത്യന്‍തീരത്ത് സമുദ്രനിരപ്പ് ഉയരുന്നതിന്റെ തോത് വര്‍ധിക്കുകയാണെന്ന് കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി ഡോ. ശൈലേഷ് നായക് പറഞ്ഞു. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലങ്ങള്‍ ഇന്ത്യ അനുഭവിച്ചുതുടങ്ങി. സര്‍ക്കാര്‍ ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് സമുദ്രനിരപ്പ് ഉയരുന്നതിന്റെ തോത് കൂടുകയാണ്. കടലിന്റെ ഉപരിതലത്തിലെ ചൂട്കൂടി. മഞ്ഞുപാളികള്‍ ഉരുകുന്നതും വര്‍ധിച്ചു. ശാസ്ത്രകോണ്‍ഗ്രസ്സില്‍ കാലാവസ്ഥയും പരിസ്ഥിതിയും എന്ന പ്ലീനറി സെഷനില്‍ പ്രസംഗിക്കുകയായിരുന്നു ശൈലേഷ് നായക്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ വര്‍ഷംതോറും 3.1 മില്ലിമീറ്റര്‍ എന്ന തോതിലാണ് സമുദ്രനിരപ്പ് ഉയര്‍ന്നത്. അഞ്ചുവര്‍ഷംകൊണ്ടുള്ള ഈ മാറ്റം ആശങ്കാജനകമാണ്. കഴിഞ്ഞ നൂറുവര്‍ഷങ്ങളില്‍ ഏറ്റവും ചൂടുകൂടിയ പത്തുവര്‍ഷങ്ങളാണ് കടന്നുപോയത്. കാലവര്‍ഷത്തില്‍ ഈ മാറ്റത്തിന്റെ സ്വാധീനത്തെക്കുറിച്ച് പഠിക്കുന്നതേയുള്ളൂ. എന്നാല്‍ പരോക്ഷമായ പ്രത്യാഘാതങ്ങള്‍ വ്യക്തമായിക്കഴിഞ്ഞു. കനത്തമഴയും കടുത്ത ചൂടും അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങള്‍ കൂടുതലായി ഉണ്ടാവുന്നു. ഇത് കാലാവസ്ഥയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കാലാവസ്ഥാ ഗവേഷണത്തില്‍ വിദഗ്ദ്ധ പരിശീലനം നല്‍കാനുള്ള കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. -വാർത്തലോകം.-