
തിരുവനന്തപുരം: വൃദ്ധജനങ്ങളുടെ ആരോഗ്യപരിപാലനമാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന മുഖവുരയോടെ ഇന്ത്യന്‍ ശാസ്ത്ര രംഗത്തിന്റെ വളര്‍ച്ചയും നേട്ടങ്ങളും പങ്കുവെക്കുന്ന 97-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്തു. കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ രാവിലെ 10 ന് നടന്ന ചടങ്ങില്‍ കേരളാ ഗവര്‍ണ്ണര്‍ ആര്‍.എസ് ഗവായ്, മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, കേന്ദ്ര സഹമന്ത്രി പൃഥ്വിരാജ് ചൗഹാന്‍, കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, വയലാര്‍ രവി, എം.എ ബേബി, ഡോ.മാധവന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ശാസ്ത്രരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യു.പി.എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാവിതലമുറ സൗരോര്‍ജ്ജത്തെയും ആണവോര്‍ജ്ജത്തെയുമാണ് കൂടുതല്‍ ആശ്രയിക്കേണ്ടത്. കോപ്പണ്‍ഹേഗണ്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പരിമിതമായ വിജയം മാത്രമെ കൈവരിക്കാന്‍ കഴിഞ്ഞുളളു. രാഷ്ട്രീയ ഇടപെടലുകളും ചുവപ്പുനാടകളും ഇന്ത്യന്‍ ശാസ്ത്ര പുരോഗതിക്ക് തടസ്സമാകുന്നു. വിദേശത്തുളള ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. -മാത്രുഭൂമി-