കെ.എസ്.ആര്‍.ടി.സി യിലും ഇനി ആധുനിക യാത്ര, എ.സി വോള്‍വോ ബസ്സുകള്‍ നിരത്തിലിറങ്ങി.
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യമൊരുക്കിക്കൊണ്ട് കെ.എസ്.ആര്‍.ടി.സി. എ.സി വോള്‍വോ ബസ്സുകള്‍ ഇന്ന് നിരത്തിലിറങ്ങുന്നു. രാത്രി 8.45 വരെ നിരത്തുകളിലുണ്ടാകും.
ആധുനിക രീതിയില്‍ നിര്‍മിച്ച ഇരിപ്പിടങ്ങള്‍, അനായാസേന കയറാനും ഇറങ്ങാനും തരത്തില്‍ സംവിധാനം ചെയ്ത താഴ്ന്ന പ്ലാറ്റ് ഫോറം, വീല്‍ചെയര്‍ ഉറപ്പിക്കാനുള്ള സൗകര്യം, ലാപ് ടോപ്പും മൊബൈല്‍ ഫോണും ചാര്‍ജ് ചെയ്യാനുള്ള പ്ലഗ്ഗുകള്‍, എന്‍ജിന്‍ പുറകുവശത്തായതിനാലുള്ള ശബ്ദരഹിത യാത്ര, ഓട്ടോമാറ്റിക് റിയര്‍ വ്യൂ മിറര്‍, ബസ്സിനുള്ളിലെ എല്ലാ തൂണുകളിലും വാഹനം നിര്‍ത്തിക്കാനുള്ള സ്‌റ്റോപ് സ്വിച്ചുകള്‍, എല്‍.സി.ഡി ഡസ്റ്റിനേഷന്‍ ബോര്‍ഡുകള്‍, സ്‌റ്റോപ്പുകള്‍ വിളിച്ചുപറയാന്‍ ഡ്രൈവര്‍ ക്യാബിനില്‍ മൈക്ക്, ഓട്ടോമാറ്റിക് ഗിയര്‍ തുടങ്ങിയവയാണ് ലോ-ഫ്‌ളോര്‍ എ.സി. വോള്‍വോ ബസ്സിലെ സൗകര്യങ്ങള്‍. നാലു ബസ്സുകള്‍ കോവളം-കണിയാപുരം റൂട്ടിലും രണ്ടെണ്ണം ശാസ്തമംഗലം-വിമാനത്താവളം റൂട്ടിലും രണ്ടെണ്ണം കവടിയാര്‍-വിമാനത്താവളം റൂട്ടിലും സര്‍വീസ് നടത്തും.
കോവളത്തുനിന്ന് കിഴക്കേക്കോട്ട-മെഡി.കോളേജ്-ടെക്‌നോപാര്‍ക്ക് വഴി കണിയാപുരത്തേക്ക് ഒന്നേകാല്‍ മണിക്കൂറാണ് യാത്രാസമയം നിശ്ചയിച്ചിരിക്കുന്നത്. കവടിയാറില്‍ നിന്ന് പാളയം-കിഴക്കേക്കോട്ട-ബൈപാസ്-ശംഖുംമുഖം വഴി വിമാനത്താവളത്തിലേക്ക് മുക്കാല്‍ മണിക്കൂര്‍ കൊണ്ട് എത്തണമെന്നാണ് നിര്‍ദേശം. ശാസ്തമംഗലത്ത് നിന്ന് വഴുതക്കാട്-തമ്പാനൂര്‍-പാളയം-ശംഖുംമുഖം വഴി മുക്കാല്‍ മണിക്കൂര്‍ കൊണ്ട് വിമാനത്താവളത്തിലെത്താനും സമയ വിവരപ്പട്ടിക നിര്‍ദേശിക്കുന്നു.
ലോഫ്‌ളോര്‍ ബസ്സുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരും ബസ്സില്‍ കയറി ആദ്യ യാത്ര നടത്തി.
