കുട്ടികള്‍ പാട്ട് കേട്ടുറങ്ങട്ടെ
സംഗീതം കാതിന് മാത്രമല്ല ശരീരത്തിന് തന്നെ ഉണര്‍വ്വേകുമെന്ന് ശാസ്ത്രവും അനുഭവവും തെളിയിച്ച് കഴിഞ്ഞു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്നതും കേള്‍ക്കുന്നതും ഉത്തമമാണെന്ന് പഴമക്കാര്‍ പറഞ്ഞിരുന്നു.
സംഗീതം ചില രോഗങ്ങള്‍ക്ക് സിദ്ധൗഷധമാണെന്ന് ശാസ്ത്രം സര്‍ട്ടിഫിക്കറ്റ് കൊടുത്തത് അടുത്തിടെയാണ്.
ഗര്‍ഭസ്ഥ ശിശുവിനു സംഗീതം പ്രയോജനകരമാണെന്ന് ഇതു സംബന്ധിച്ചിട്ടുള്ള പഠനങ്ങള്‍ പറയുന്നു. പാട്ട് അഞ്ചുവയസുകാരിക്ക് പുനര്ജന്മം നല്കിയ വാര്‍ത്ത പത്രങ്ങളില്‍ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു വയസുകാരി ലൈല ടോസിയാണ് കഥാപാത്രം. സംഭവം നടക്കുന്നതാകട്ടെ ഇംഗ്ളണ്ടില്‍ എസെക്സിലും.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ലൈല ബോധക്ഷയത്തിലാണ്ടു. പല ചികിത്സാരീതികള്‍ പ്രയോഗിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ അവളുടെ പ്രിയപ്പെട്ട പാട്ട് കണ്ടെത്തി. “മമ്മാമിയ’ ചിത്രത്തിലെ ” എ.ബി.സി.എ എന്ന പാട്ട് അവള് സദാമൂളുമായിരുന്നു. ആ പാട്ട് ഒരു വട്ടം കേട്ടപ്പോള്‍ത്തന്നെ അവള് പ്രതികരിച്ചുതുടങ്ങി. പല കുറി ആ പാട്ടുകേള്‍പ്പിച്ചു.
വൈദ്യശാസ്ത്രത്തെ വിസ്മയിപ്പിച്ചുകൊണ്ട് ലൈലയ്ക്ക് ബോധം തിരിച്ചുകിട്ടി. മാസംതികയാത്ത കുട്ടികള്‍ക്ക് സംഗീത ചികിത്സ വളരെ ഗുണകരമാണെന്ന് കണ്ടെത്തിയിരിക്കുന്നു. മാത്രമല്ല, മുലയൂട്ടലിനെ സുഗമമാക്കുകയും ചെയ്യും. ശാരീരികമായും പ്രതികരണപരമായും പല മാറ്റങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കാന്‍ സംഗീതത്തിന് കഴിയും.
ശൈശവകാലത്തെ രോഗങ്ങളെയും പ്രതിവിധികളെയും സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നതും അതിലേക്കാണ്. കാനഡയിലെ ആല്‍ബര്‍ട്ട യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്. സുനിശ്ചിതമായ തെളിവുകളൊന്നും അവര്‍ ഹാജരാക്കുന്നില്ല. പക്ഷേ, സംഗീത ചികിത്സ കുട്ടികളെ പല രീതിയില്‍ പോഷിപ്പിക്കുമെന്ന കാര്യം അവര്‍ സമ്മതിക്കുന്നു.
കുട്ടികളിലെ ശ്വസനം, പ്രതികരണം, ഭാരവര്‍ദ്ധന എന്നിവയെ ക്രമത്തില്‍ മെച്ചപ്പെടുത്തുന്നുണ്ടെന്നതില് യാതൊരു സംശയവുമില്ല. മാസംതികയാത്ത കുട്ടികളിലും നവജാത ശിശുക്കളിലും സംഗീതം അതിശയങ്ങള്‍ സൃഷ്ടിക്കുന്നു. അവരുടെ വേദന ലഘൂകരിക്കുന്നു. ശൈശവത്തിന്റെ വേദന സംഗീതം ഏറ്റെടുക്കുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.
സുന്നത്ത് വേളയിലെ വേദന അറിയാതിരിക്കാനും സംഗീതത്തിന് കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വൈകാതെ നമ്മുടെ ശിശുരോഗാശുപത്രികളും പ്രസവാശുപത്രികളും സംഗീതമയമാകും.