Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക
ഇന്റര്‍നെറ്റ് ഫോണ്‍ കാളുകള്‍ തടയണമെന്ന് ഐ.ബി ആവശ്യം ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ ചോര്‍ത്താന്‍ സാങ്കേതിക വിദ്യ കണ്ടെത്തുന്നത് വരെ ഈ സേവനം നിര്‍ത്തിവെക്കാന്‍ ഐ.ബി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ആഭ്യന്തരവും വിദേശത്തേക്കുമുള്ള ഇന്റര്‍നെറ്റ് ടെലിഫോണ്‍ സംസാരങ്ങള്‍ ചോര്‍ത്തുന്ന സാങ്കേതിക വിദ്യ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ അടിയന്തരമായ പരിഹാരം കണ്ടെത്തണമെന്നും ഐ ബി നിര്‍ദേശിച്ചിട്ടുണ്ട്. കാളര്‍ ലൈന്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനം ഇല്ലാത്തിടത്തോളം കാലം ഇന്റര്‍നെറ്റ് സൗകര്യത്തിലൂടെ ഫോണ്‍ ചെയ്യുന്നത് ആരാണെന്ന് കണ്ടെത്താനാകില്ല. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഫോണ്‍ സൗകര്യത്തിനായി നിരവധി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐ.ബി നിര്‍ദേശം നടപ്പില്‍ വരുത്തുകയാണെങ്കില്‍ നിരവധി പേരെ അത് ബാധിക്കുമെന്നുറപ്പാണ്. ടെലികോം റെഗുലേറ്റേഴ്‌സ് ട്രയല്‍സിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 2009 ജനുവരി-മാര്‍ച്ച് കാലയളവില്‍ ഇന്ത്യയില്‍ നിന്ന് 130 മില്ല്യണ്‍ മിനുട്ട് സമയം ഇന്റര്‍നെറ്റ് ഫോണുകളിലൂടെ സംസാരിച്ചിട്ടുണ്ട്. മുംബൈ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുന്നതിനായി ഭീകരര്‍ ഇന്റര്‍നെറ്റ് ടെലിഫോണായിരുന്നു ഉപയോഗിച്ചതെന്നും അത് കൊണ്ടാണ് ഇതെക്കുറിച്ച് വിവരം ലഭിക്കാതെ പോയതെന്നും ചൂണ്ടിക്കാട്ടിയാണ് ഐ.ബിയുടെ നിര്‍ദേശം.