ലഹരിവിരുദ്ധ പ്രവര്‍ത്തനം ശക്തമാകണം
മയക്കുമരുന്ന്, മദ്യം, പുകയില എന്നിവയോടുള്ള ആസക്തി മാനസികരോഗങ്ങളാണെന്ന് ലോകാരോഗ്യ സംഘടന 1978 ല്‍ പ്രഖ്യാപിക്കുകയുണ്ടായി. രണ്ടായിരാമാണ്ടില്‍ എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാകാതെ പോയതില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം മുഖ്യ പങ്കുവഹിക്കുന്നു.
13 മുതല്‍ 30 വയസ്സുവരെയുള്ളവരില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോളതലത്തില്‍ മാത്രമല്ല ഈ പ്രതിഭാസം. മദ്യം വിഷമാണ്, അതുണ്ടാക്കരുത്, ഉപയോഗിക്കരുത്, വില്‍ക്കരുത് എന്നു പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ നാട്ടിലും മദ്യദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. മയക്കുമരുന്നുപയോഗം സ്കൂള്‍ തലം മുതല്‍ കുട്ടികളില്‍ ശീലമായിമാറുന്നു.
ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ ഈയിടെ നടത്തിയ പഠനങ്ങളില്‍ കേരളത്തിലെ കുട്ടികളിലെ ലഹരി ഉപയോഗവും പാന്‍മസാലയുടെ ഉപയോഗവും സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇവയുടെ നിരോധനം കാര്യക്ഷമമല്ല എന്നതാണ് ഇതിലൂടെ മനസിലാകുന്നത്. വെറും കച്ചവടതാല്‍പര്യം മാത്രമുള്ള ഇവയുടെ വിപണനം വഴി ഒരു തലമുറയെയാണ് നാം ദുരന്തത്തിലേക്ക് കൈപിടിച്ച് നടത്തുന്നത് എന്നത് വിസ്മരിച്ചുകൂടാ. നിരോധനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍പ്പോലും വളരെ സുലഭമായി പിന്നാമ്പുറങ്ങളിലൂടെ അവ ലഭ്യമാണ് എന്നത് അധികൃതരുടെ അനാസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു.
മാതാപിതാക്കള്‍ മദ്യപിക്കുമ്പോള്‍ അതുവഴി കുട്ടികളും അതിന്റെ തിക്തഫലമനുഭവിക്കുന്നു. ദാര്‍ശനികനായ ബര്‍ട്രന്റ് റസ്സല്‍ പറയുന്നത് മദ്യപാനം താല്‍ക്കാലികമായ ആത്മഹത്യയാണെന്നാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ രോഗികളായികണ്ട് സ്നേഹത്തോടെ തിരുത്തുകയും പരിചരിക്കുകയും വേണം. ബോധവത്കരണവും സന്നദ്ധ സേവനവും കാര്യക്ഷമമാക്കിയാല്‍ മാത്രമേ മനുഷ്യജീവിതത്തെ ശാപഗ്രസ്തമാക്കുന്ന ഈ ദുരന്തത്തില്‍ നിന്ന് കരകയറ്റുവാന്‍ സാധിക്കുകയുള്ളൂ.
കുറ്റകൃത്യങ്ങളുടെ പിതാവാണ് ലഹരി എന്നത് മനസിലാക്കി ഇതില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കേണ്ടത് ഒാരോ പൗരന്റെയും കടമയാണെന്ന്തിരിച്ചറിഞ്ഞ് ലഹരിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളോടും, മദ്യ വിരുദ്ധസമിതിയോടും ചേര്‍ന്നുള്ളപ്രവര്‍ത്തനങ്ങളില്‍ നമുക്കും പങ്കുചേരാം.
