Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

പെട്രോളിന്റെ അധികനികുതി എടുത്തുകളയാന്‍ മന്ത്രിസഭാ തീരുമാനം; ലിറ്ററിന് 1.22 പൈസ കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്റെ അധികനികുതി എടുത്തു കളയാന്‍ യുഡിഎഫ് മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചു. പുതിയ തീരുമാനസരിച്ച് ഓരോലിറ്റര്‍ പെട്രോളിനും 1.22 പൈസയുടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും.

ലിറ്ററിന് 5.39 പൈസ ഉയര്‍ന്ന പെട്രോള്‍ വില 4.17 പൈസയായി കുറയും. പുതിയ തീരുമാനത്തിലൂടെ 131.94 കോടി രൂപ സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പെട്രോളിന്റെ പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. 486 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായി മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 175 കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ 50000 രൂപ വീതം നഷ്ട പരിഹാരം നല്‍കിയിരുന്നു. ഇവര്‍ക്ക് 50000 രൂപ കൂടി നഷ്ടപരിഹാരമായി നല്‍കും. ശേഷിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എന്‍ഡോള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്ത് കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഇതിനായി ജില്ലാ കളക്ടര്‍മാര്‍ ഉത്തരവാദപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടണം. അന്യസംസ്ഥാനത്തുനിന്ന് സംസ്ഥാനത്തേക്ക് എന്‍ഡോസള്‍ഫാന്‍ കൊണ്ടുവരുന്നത് തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.(വാർത്താലോകം18/05/11)