
ലണ്ടന്‍: ജനിതക വ്യതികരണം വരുത്തിയ വിളകളുടെ പ്രചാരണത്തിനും അവയെ എതിര്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ഒറ്റപ്പെടുത്താനുമായി അമേരിക്ക വ്യാപാരയുദ്ധത്തിനു തന്നെ പദ്ധതിയിട്ടതായി വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നു. ജി.എം. വിളകളോടുള്ള എതിര്‍പ്പുനീക്കാന്‍ അമേരിക്ക ലോകവ്യാപകമായി നടത്തിയ സമ്മര്‍ദതന്ത്രങ്ങളുടെ വിവരങ്ങളും രേഖകളിലുണ്ട്.
അമേരിക്ക ആസ്ഥാനമായുള്ള മൊണ്‍സാന്‍േറാ എന്ന ബഹുരാഷ്ട്ര കമ്പനിയാണ് പ്രധാനമായും ജി.എം. വിത്തുകകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളും കത്തോലിക്കാ പുരോഹിതരും ജനിതക വിളകള്‍ക്കും മൊണ്‍സാന്‍േറായ്ക്കുമെതിരായ നിലപാടു സ്വീകരിച്ചപ്പോഴാണ് അമേരിക്ക സമ്മര്‍ദ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതെന്ന് വിക്കിലീക്‌സ് രേഖകള്‍ അടിസ്ഥാനമാക്കി ഗാര്‍ഡിയന്‍ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജി.എം. വിളകള്‍ക്കെതിരായ നിലപാടെടുക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കാനും നിലപാടു മാറ്റുന്നതിനായി അവയ്‌ക്കെതിരെ വ്യാപാരയുദ്ധം തുടങ്ങാനും നിര്‍ദേശിക്കുന്ന സന്ദേശം 2007-ല്‍ പാരീസിലെ യു.എസ്. എംബസിയില്‍നിന്നാണ് വാഷിങ്ടണിലേക്കയച്ചത്. അന്നത്തെ യു.എസ്. പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്റെ വ്യവസായ പങ്കാളിയായിരുന്ന ക്രെയ്ഗ് സ്റ്റേപ്പിള്‍ട്ടനായിരുന്നു അപ്പോള്‍ ഫ്രാന്‍സിലെ യു.എസ്. അംബാസഡര്‍. മൊണ്‍സാന്‍േറായുടെ ഒരു ജനിതക വിത്തിനു നിരോധനമേര്‍പ്പെടുത്താന്‍ ഫ്രാന്‍സ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് സ്റ്റേപ്പിള്‍ട്ടന്‍ വ്യാപാര യുദ്ധം എന്ന ആശയം മുന്നോട്ടുവെച്ചത്. ജനിതക വിളകളെ എതിര്‍ക്കുന്നത് നഷ്ടം വരുത്തും എന്നു ബോധ്യപ്പെടുത്തുന്നതിനായി യൂറോപ്യന്‍ യൂണിയനും പ്രത്യേക അംഗ രാജ്യങ്ങള്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
വികസ്വര രാജ്യങ്ങളിലെ കത്തോലിക്കാ പുരോഹിതരേറെയും ജി.എം. വിളകള്‍ക്കെതിരായ നിലപാടെടുത്തപ്പോള്‍ അവരുടെ മനം മാറ്റാന്‍ അമേരിക്കന്‍ അംബാസഡര്‍മാര്‍ ശ്രമിച്ചതിന്റെ വിവരങ്ങള്‍ വിക്കിലീക്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട മറ്റു രേഖകകളിലുണ്ട്. മാര്‍പാപ്പയുടെ ഉപദേഷ്ടാക്കള്‍ വഴിയാണ് ഇതിനുള്ള പദ്ധതിയാവിഷ്‌കരിച്ചത്. മാര്‍പാപ്പ പൊതുവില്‍ ജനിതക വിളകള്‍ക്ക് അനുകൂലമാണെങ്കിലും ആ നിലപാട് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വത്തിക്കാനിലെ യു.എസ്. എംബസിയില്‍നിന്ന് അയച്ച സന്ദേശത്തില്‍ പറയുന്നു.
യൂറോപ്പിലെയും വികസ്വര രാജ്യങ്ങളിലെയും പുരോഹിതരെ സ്വാധീനിക്കുന്നതിനായി വത്തിക്കാനിലെ ഉന്നതരുമായി അമേരിക്കന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയ വിവരം 2008-ല്‍ അയച്ച സന്ദേശത്തിലുണ്ട്. ഇറാഖിലെ രക്തച്ചൊരിച്ചിലിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അമേരിക്കയ്ക്കുണ്ടായ അസന്തുഷ്ടി പരിഹരിക്കാന്‍കൂടി വേണ്ടിയാണ് മാര്‍പാപ്പ ജനിതക വിളകളെ അനുകൂലിക്കുന്നതെന്ന് സന്ദേശത്തില്‍ പറയുന്നു.
മൊണ്‍സാന്‍േറായെപ്പോലുള്ള ജൈവ സാങ്കേതിക വിദ്യാസ്ഥാപനങ്ങളുമായി അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ നേരിട്ടു ബന്ധപ്പെടുന്നുണ്ടെന്ന് വിക്കിലീക്‌സ് രേഖകളില്‍ പറയുന്നുണ്ട്. ഇത്തരം കമ്പനികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ജൈവസാങ്കേതിക വിദ്യാനിയമം കര്‍ക്കശമാക്കുന്നതില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളെ പിന്തിരിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നുവെന്നതിന്റെ സൂചനയും സന്ദേശങ്ങളിലുണ്ട്.(മാത്രുഭൂമി 05/01/2011)