ഇന്ത്യയുടെ പ്രതിരോധ മിസൈല്‍ പരീക്ഷണം വിജയം
ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതിയ മിസൈല്‍വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒറീസ തീരത്തുള്ള വീലര്‍ ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. ശത്രുക്കളുടെ ഏത് മിസൈലിനെയും വഴിയില്‍ വച്ചു തന്നെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ഈ പുതിയ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍.
പരീക്ഷണത്തിന്റെ ഭാഗമായി ആദ്യം 10.05ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള ചാന്ദിപുരിലെ വിക്ഷേപണ കേന്ദ്രത്തില്‍ ഇന്ത്യയുടെ ഭൂതല മിസൈലായ പൃഥി വിക്ഷേപിച്ചു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ റഡാറില്‍ നിന്നും പൃഥിയുടെ സിഗ്‌നലുകള്‍ പിടിച്ചെടുത്ത മിസൈല്‍വേധ മിസൈലായ എ.എ.ഡി. ഉയര്‍ന്ന് കടലിന് മുകളില്‍ ആകാശമധ്യോ തന്നെ പൃഥിയെ തകര്‍ത്തു. പൃഥിയുടെയും പുതിയ മിസൈല്‍വേധ മിസൈലിന്റെയും വിക്ഷേപണങ്ങള്‍ സമ്പൂര്‍ണ വിജയങ്ങളായിരുന്നുവെന്ന് ഡി.ആര്‍.ഡി.ഒ. അവകാശപ്പെട്ടു. 80 കിലോമീറ്റര്‍ ഉയരത്തിലുള്ള മിസൈലുകളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍. ഇത് നാലാം തവണയാണ് ഡി.ആര്‍.ഡി.ഒ. മിസൈല്‍വേധ മിസൈല്‍ പരീക്ഷിക്കുന്നത്.