മനുഷ്യരെ താമസിപ്പിക്കാന്‍ അമേരിക്കയും റഷ്യയും ശ്രമിക്കുന്നു
ഇന്ത്യയും ചൊവ്വയിലേക്ക്
ബാംഗ്ലൂര്‍: ചാന്ദ്രയാന്‍-1 വിജയമായതോടെ ഇന്ത്യ ചൊവ്വാ പര്യവേക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ചുവന്ന ഗ്രഹത്തില്‍ അമേരിക്കയും റഷ്യയും മനുഷ്യരെ താമസിപ്പിക്കുന്നതിനുള്ള പദ്ധതി തിടുക്കത്തില്‍ ആസൂത്രണം ചെയ്യുന്നതിനാലാണ് ഇന്ത്യ ചൊവ്വാ ദൗത്യത്തിനുള്ള ശ്രമങ്ങള്‍ പെട്ടെന്നുതന്നെ തുടങ്ങുന്നത്.
അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ പര്യവേക്ഷണവാഹനം ചൊവ്വയിലേക്കു കുതിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പറഞ്ഞു. 2016-നുള്ളില്‍ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസില്‍ (ഐ.ഐ.എസ്‌സി.) ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
''2030-ഓടെ ചൊവ്വാഗ്രഹത്തില്‍ മനുഷ്യരെ അധിവസിപ്പിക്കാനാണ് അമേരിക്കയും റഷ്യയും പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷവുമായി സാമ്യമുള്ളതാവാം ചൊവ്വയുടേതെന്നാണ് ഇതുവരെ നടന്നിട്ടുള്ള പഠനങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ ചന്ദ്രനെയോ മറ്റു ഗ്രഹങ്ങളെയോ അപേക്ഷിച്ച് മനുഷ്യവാസത്തിന് അനുയോജ്യം ചൊവ്വയാണ്''- അദ്ദേഹം വിശദീകരിച്ചു.
''ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പതിവായി ആളെ യെത്തിക്കാനുള്ള പുതിയ തലമുറയില്‍പ്പെട്ട യാത്രാവാഹനം അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നുണ്ട്. ഇന്ത്യയും ചൊവ്വാദൗത്യം ത്വരപ്പെടുത്തേണ്ടതിലേക്കാണിത് വിരല്‍ചൂണ്ടുന്നത്''-ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.
ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച് 250 ദിവസം ബഹിരാകാശത്തുകൂടി യാത്രചെയ്തുവേണം പര്യവേക്ഷണ വാഹനത്തിനു ചൊവ്വയിലെത്താന്‍-(മാത്രുഭൂമി 4.4.2010)
