Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

സുനാമി ദുരന്തത്തിന് അഞ്ചു വയസ്

തിരുവനന്തപുരം: ലോക ചരിത്രത്തിലെ ഏറ്റവും വലിയ സുനാമി ദുരന്തത്തിന് ഇന്നേക്ക് അഞ്ച് വയസ്. 2005 ഡിസംബര്‍ 26ന് ലോകം ക്രിസ്മസ് ആഘോഷത്തിലിരിക്കുമ്പോള്‍ ഇതേ പോലൊരു രാവിലെയാണ് ദുരന്തങ്ങളുടെ തിരമാലകള്‍ ആഞ്ഞടിച്ചത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ആകെ കൊടും ദുരന്തം വിതച്ച സംഭവത്തില്‍ ഏകദേശം രണ്ടേകാല്‍ ലക്ഷം മനുഷ്യര്‍ മരിച്ചൊടുങ്ങി. കണക്കാക്കാനാകാത്ത നാശനഷടമുണ്ടായി. ജീവജാലങ്ങള്‍ ചത്തൊടുങ്ങി. 30 മീറ്റര്‍ വരെ ഉയരത്തില്‍ വരെ മരണത്തിരകള്‍ ആഞ്ഞടിച്ചു. ഇന്ത്യയുള്‍പ്പടെ മേഖലയിലെ 11 രാജ്യങ്ങളെ സുനാമി നേരിട്ടു ബാധിച്ചു. രാവിലെ 9.1 നും 9.3 നും മധ്യേ തീവ്രതയുള്ള സമുദ്രഭൂകമ്പം ഉണ്ടാവുകയായിരുന്നു. ഇതെ തുടര്‍ന്ന് കടലില്‍ രൂപപ്പെട്ട പ്രകമ്പനമാണ് കരയിലേക്ക് ആഞ്ഞടിച്ചത്. കടല്‍ തിരമാലകള്‍ തീരത്തെ കാര്‍ന്നു തിന്നുകയായിരുന്നു. കേരളത്തില്‍ മാത്രം 236 പേരാണ് സുനാമി ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ദുരന്തം നാശം വിതച്ചത്. കൊല്ലം ജില്ലയിലെ ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ടു കിലോമീറ്റര്‍ കടലോരം പൂര്‍ണമായും കടലെടുത്തു. ആലപ്പാട്ട് കടല്‍ തീരത്ത് മാത്രം 143 പേര്‍ മരണപ്പെട്ടു. 3100 വീടുകള്‍ പൂര്‍ണമായും 2397 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ദുരന്തം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ആലപ്പാട്ട് 377 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. പദ്ധതികള്‍ പലതും പാതി വഴിയിലാണ്. ദുരന്തത്തിന്റെ അഞ്ചാം വാര്‍ഷികാചരണ ചടങ്ങുകള്‍ ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം മുതാക്കരയില്‍ നിര്‍മിച്ച 168 വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വഹിക്കും. രാവിലെ ഒന്‍പതരക്ക് ആലപ്പാട് നിര്‍മിച്ച സുനാമി സ്മൃതി മണ്ഡപം മന്ത്രി കെ പി രാജേന്ദ്രന്‍ നാടിന് സമര്‍പ്പിക്കും. മന്ത്രി പി കെ ഗുരുദാസന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ എസ്.ശര്‍മ, എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവരും സംബന്ധിക്കും. -ന്യൂസ് ലഭിച്ചത് keralaflashnews.com-