'ഇതെന്താ?' ചോദ്യങ്ങളുമായി റോബോട്ടുകള്‍
'ഇതെന്താ?' ഏറെ കൗതുകത്തോടെയുള്ള ഈ വാക്കുകള്‍ കേട്ടിട്ടില്ലാത്തവര്‍ ചുരുങ്ങും. അത്ഭുതം നിറഞ്ഞ കണ്ണുകളിലൂടെ കാണുന്ന കുരുന്നുകള്‍ എപ്പോഴും ഉയര്‍ത്തുന്ന ചോദ്യം കൂടിയാണിത്. ആ ചോദ്യങ്ങളിലൂടെയാണ് അവരുടെ പഠനം. ഇനിയും നമ്മോട് ഇതേ ചോദ്യം ചോദിക്കാന്‍ റോബോട്ടുകളും എത്തും. കാലിഫോര്‍ണിയയിലെ വില്ലോ ഗരാജ് എന്ന കമ്പനിയിയാണ് ചോദ്യങ്ങളിലൂടെ സ്വയം പഠിക്കുന്ന റോബോട്ടുകളെ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ഗവേഷണ ശാഖയുടെ മുന്നേറ്റത്തോടെ കമ്പ്യൂട്ടറുകള്‍ ഏറെ കാര്യങ്ങള്‍ 'പഠിച്ചു' കഴിഞ്ഞു.
എന്നാല്‍ റോബോട്ടുകള്‍ കുറേ കൂടി വ്യത്യസ്‌ഥമായ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരേണ്ടി വരും. പ്രകാശം, വീക്ഷണ കോണ്‍ എന്നിവയിലെ വ്യത്യസ്‌ഥതകള്‍ മൂലം റോബോട്ടുകള്‍ക്ക് മെമ്മറിയിലുള്ള വസ്‌തുക്കളെ എപ്പോഴും തിരിച്ചറിയണമെന്നില്ല. സാചഹര്യങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ പുതുക്കാന്‍ പുതിയ വിദ്യയ്‌ക്കു കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പിആര്‍2 എന്നാണ് പദ്ധതിയുടെ പേര്.
ആദ്യ ഘട്ടമെന്ന നിലയില്‍ റോബോട്ടുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വസ്‌തുക്കളുടെ ചിത്രമെടുത്ത് ഗവേഷണ ശാലയിലേക്ക് അയയ്‌ക്കും. അവയുടെ പേര് ഗവേഷകര്‍ റോബോട്ടിന് കൈമാറുമെന്ന് പദ്ധതിയുമായി സഹകരിക്കുന്ന ഇല്ലിനോയ്‌സ് സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞനായ അല്‍ക്‌സ് സോറോകിന്‍ വ്യക്‌തമാക്കി.
പുതിയ സ്‌ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന റോബോട്ടുകള്‍ ആഴ്‌ചകള്‍ക്ക് ശേഷം അവിടെയുള്ള വസ്‌തുക്കളെ തിരിച്ചറിയാന്‍ കഴിവു നേടുമെന്ന് അദ്ദേഹം പറഞ്ഞു. കാലക്രമേണ മനുഷ്യ സഹായമില്ലാതെ റോബോട്ടുകള്‍ക്ക് വസ്‌തുക്കളെ തിരിച്ചറിയാനുളള കഴിവ് നേടുമെന്ന് മസാച്ചുസെറ്റ്‌സ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ജോണ്‍ ലേണാര്‍ഡ് പ്രതീക്ഷിക്കുന്നു.
