പി.എസ്.എല്‍.വി. സി-16 വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് പുത്തനുണര്‍വ് നല്കിക്കൊണ്ട് പി.എസ്.എല്‍.വി. സി-16 വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ 10.12-ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ നിന്നാണ് റിസോഴ്‌സ് സാറ്റ് 2 ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. കുതിച്ചുയര്‍ന്നത്. 18 മിനിറ്റിനും 7 സെക്കന്‍ഡിനും ശേഷം മുഖ്യ ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ് 2-നെ 822 കിലോമീറ്റര്‍ അകലെയായി ധ്രുവ സൗര സ്ഥിര ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുന്നതിന് പി.എസ്. എല്‍.വി.ക്കായി. തുടര്‍ന്ന് 40 സെക്കന്‍ഡുകള്‍ക്ക് ശേഷം മറ്റ് രണ്ട് ഉപഗ്രഹങ്ങളായ യൂത്ത്‌സാറ്റും എക്‌സ്‌സാറ്റും ഭ്രമണപഥത്തിലെത്തിച്ചുകൊണ്ട് പി.എസ്.എല്‍. വി. സി-16 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.''ഇന്ത്യയുടെ അഭിമാനകരമായ മുഹൂര്‍ത്തമാണിത്. വിദൂരസംവേദന ഉപഗ്രഹസംവിധാനത്തിന്റെ തുടര്‍ച്ച വിജയകരമായി നിലനിര്‍ത്തുന്നതില്‍ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വിജയിച്ചിരിക്കുന്നു''- വിക്ഷേപണത്തിനുശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര പാര്‍ലമെന്‍ററി സഹമന്ത്രി വി. നാരായണസാമി, മുന്‍ കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി ഡോ എം.ജി.കെ. മേനോന്‍, ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ തുടങ്ങിയവര്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.1206 കിലോഗ്രാം ഭാരമുള്ള റിസോഴ്‌സ് സാറ്റ് 2 ഐ.എസ്.ആര്‍.ഒ.യുടെ സ്വന്തം വിദൂരസംവേദന ഉപഗ്രഹമാണ്. ലോകത്തെവിടെയുമുള്ള ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നതിന് ഇതിലുള്ള മൂന്ന് അത്യന്താധുനിക ക്യാമറകള്‍ക്ക് കഴിയും. പ്രകൃതിവിഭവങ്ങളുടെ സമഗ്രമായ ഭൂപട നിര്‍മിതിക്ക് സഹായിക്കുന്ന റിസോഴ്‌സ് സാറ്റ് 2-ല്‍ നിന്നുള്ള വിവരങ്ങള്‍ അമേരിക്കയുള്‍പ്പെടെ 15 രാഷ്ട്രങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വ്യവസ്ഥയുണ്ട്. കാര്‍ഷികവിളകളെക്കുറിച്ച് കൃത്യമായി വിവരം മുന്‍കൂട്ടി നല്കുന്നതിനും സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങള്‍ വരുത്തിവെക്കുന്ന നാശനഷ്ടങ്ങളുടെ വിശദചിത്രങ്ങള്‍ ലഭ്യമാക്കുന്നതിനും റിസോഴ്‌സ് സാറ്റ് 2 സഹായമാകും. ഏപ്രില്‍ 28-ന് റിസോഴ്‌സ് സാറ്റില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ബാംഗ്ലൂരിലുള്ള ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് കേന്ദ്രം ഡയറക്ടര്‍ ഡോ അലക്‌സ് പറഞ്ഞു.ഇന്ത്യ-റഷ്യന്‍ സംയുക്ത നിര്‍മിതിയായ യൂത്ത്‌സാറ്റ് അന്തരീക്ഷ, വാന സംബന്ധമായ പഠനങ്ങള്‍ക്ക് പ്രയോജനപ്പെടും. 92 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഇന്ത്യയുടെ മിനി സാറ്റലൈറ്റ് പരമ്പരയില്‍ രണ്ടാമത്തേതാണ്. സിംഗപ്പൂരിലെ നാന്യാങ് സാങ്കേതിക സര്‍വ കലാശാലയില്‍ നിന്നുള്ള എക്‌സ്‌സാറ്റ് ഉപഗ്രഹ കേന്ദ്രിത വിദൂരസംവേദനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. 106 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം സിംഗപ്പൂരില്‍ നിന്നുള്ള ആദ്യ ഉപഗ്രഹമാണ്. മൊത്തം 250 കോടി രൂപയാണ് ബുധനാഴ്ചയിലെ വിക്ഷേപണത്തിന് ചെലവ് വന്നതെന്ന് ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു. പയ്യന്നൂര്‍ സ്വദേശി പി. കുഞ്ഞികൃഷ്ണനാണ് ഈ പദ്ധതിയുടെ ഡയറക്ടര്‍.
ചന്ദ്രയാന്‍- രണ്ട് 2013-ല്‍
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ അടുത്ത ദൗത്യം 2013-ല്‍ നടക്കും. റഷ്യയുടെ ഫെഡറല്‍ സ്‌പെയ്‌സ് ഏജന്‍സിയായ റോസ് കോസേ്മാസിന്റെ സഹകരണത്തോടെയാണ് ഐ.എസ്.ആര്‍.ഒ. ഇത് നടപ്പാക്കുക. ചന്ദ്രോപരിതലത്തില്‍ ഇറങ്ങി സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയുന്ന റോവറായിരിക്കും ഇതിലെ മുഖ്യഘടകം. 462 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. (മാതൃഭുമി21/04/2011)