ഇന്ത്യ മൂന്നാമത്തെ സുശക്ത രാഷ്ട്രമെന്ന് ഇന്ത്യ മൂന്നാമത്തെ സുശക്ത രാഷ്ട്രമെന്ന് പഠനറിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ രാഷ്ട്രം ഇന്ത്യയാണെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും സംയുക്തമായി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ആഗോള ശക്തിയുടെ 22 ശതമാനം അമേരിക്ക കൈയാളുമ്പോള്‍ ചൈനയുടെ പങ്ക് 12 ശതമാനവും ഇന്ത്യയുടേത് എട്ടുശതമാനവുമാണ്. യൂറോപ്യന്‍ യൂണിയന്‍േറത് 16 ശതമാനവും ജപ്പാന്‍, റഷ്യ എന്നിവയുടേത് അഞ്ചു ശതമാനത്തില്‍ താഴെയുമാണ്. 2025 ആവുമ്പോഴേക്കും അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, റഷ്യ എന്നിവയുടെ പ്രാമാണ്യം കുറയുകയും ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളുടേത് കൂടുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ ആഗോള ശക്തി 18 ശതമാനമായി കുറയും. ചൈനയുടേത് 16 ശതമാനവും ഇന്ത്യയുടേത് 10 ശതമാനവുമായി ഉയരും -റിപ്പോര്‍ട്ട് പ്രവചിക്കുന്നു. അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ കൗണ്‍സിലും യൂറോപ്യന്‍ യൂണിയന്റെ സുരക്ഷാ പഠന ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ് പഠനം നടത്തിയത്. അതേ സമയം, ഇന്ത്യ ദക്ഷിണേഷ്യയുടെ സാമ്പത്തിക ശക്തികേന്ദ്രമാണെന്ന് യു.എസ്. വിദേശകാര്യ വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു. പല തലങ്ങളിലായി ആഴത്തിലുള്ള ബന്ധമാണ് ഇന്ത്യയുമായി അമേരിക്കയ്ക്ക് ഉള്ളതെന്നും അദ്ദേഹം പത്രലേഖകരോടു പറഞ്ഞു. (മാത്രുഭൂമി)